റിയാദ് - നമ്മുടെ മൗനം സമ്മതത്തിന്റെ പറ്റിലെഴുതിച്ചേർത്ത് ഗാന്ധി ഘാതകരുടെ പേരിൽ ജില്ലയും യൂനിവേഴ്‌സിറ്റികളും എയർപോർട്ടുകളും പുനർനാമകരണം ചെയ്യുന്നതിലൂടെയും ചരിത്ര അപനിർമിതിയിലൂടെ സ്വാതന്ത്ര്യ സമരത്തെയും സമര നായകരെയും അരികുവൽക്കരിക്കാനും നടക്കുന്ന സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് എന്ന ഇന്ത്യയുടെ വികാരത്തെ ഇല്ലാതാക്കിക്കൊണ്ടല്ലാതെ സംഘപരിവാറിന് മതരാഷ്ട്രം സൃഷ്ട്ടിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് പണമൊഴുക്കിയും സർക്കാർ ഏജൻസികളെ ദുരുപയോഗിച്ചും സംഘപരിവാർ വിരുദ്ധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിയാദിൽ നടന്ന സൗദി ഒ.ഐ.സി.സി നവസങ്കൽപ് ചിന്തൻ ശിവറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശത്തിന്റെ പേരാണ് ജനാധിപത്യം. അല്ലാതെ ഭൂരിപക്ഷത്തിന്റെ തീരുമാനം എല്ലാവരും അനുസരിക്കുന്നതിന്റെ പേരല്ല. മറിച്ചുള്ളത് ഫാസിസമാണ്. ഇന്ന് ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം എന്ന മുദ്രാവാക്ക്യം ഉയർത്തുന്നതും ആവശ്യപ്പെടുന്നതും കോൺഗ്രസ് മാത്രമാണ്. കേരളം ഭരിക്കുന്ന സി.പി.എം പോലും ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അതാണ് സമീപകാല കേരള രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധം എന്ന വാക്കിനെ പോലും ഭയപ്പെടുന്ന പിണറായി സ്‌റ്റേറ്റ് പോലീസിന്റെ അകമ്പടിയിൽ ജനജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയാണ് തെരുവുകളിൽ കാണുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോക്ടർ സരിൻ പറഞ്ഞു. ക്രിയാത്മക ചർച്ചകൾ കൊണ്ടും സംഘടനയുടെ ശാക്തീകരണത്തിനുതകുന്ന നിർദേശങ്ങൾ കൊണ്ടും ഏറെ പ്രാധാന്യം അർഹിക്കുന്ന സൗദി ചിന്തൻ ശിവർ മാറി എന്ന് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള പറഞ്ഞു. നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനൊപ്പം തുടർചർച്ചകൾ ഉണ്ടാകണമെന്നും കെട്ടുറപ്പിന്റെ പാതയിൽ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച രാവിലെ 9 നു കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പതാക ഉയർത്തിയതോടെയാണ് ചിന്തൻ ശിവർ ആരംഭിച്ചത്. നാല് സെഷനുകളിലായി ആര്യാടൻ ഷൗക്കത്ത്, ഡോ. സരിൻ എന്നിവർ കോൺഗ്രസ് ചരിത്രം, വർത്തമാനം, ഡിജിറ്റൽ യുഗത്തിലെ കാപട്യ പ്രചാരണം, പ്രവാസി രാഷ്ട്രീയ പ്രവർത്തനം, നേതൃത്വ പാടവം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളംകുർ, റീജണൽ കമ്മിറ്റി പ്രസിഡന്റുമാരായ ബിജു കല്ലുമല, കെ.ടി.എ മുനീർ, അഷറഫ് കുറ്റിച്ചൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും റഹ്മാൻ മുനമ്പത്ത് നന്ദിയും പറഞ്ഞു.