- കളത്തിലും ഗാലറിയിലും ഛേത്രി
മുംബൈ - ഗാലറിയിലും കളിക്കളത്തിലും സുനിൽ ഛേത്രി നിറഞ്ഞുനിന്ന ദിനത്തിൽ ഇന്ത്യക്ക് ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്‌ബോളിൽ അവിസ്മരണീയ ജയം. ഇന്ത്യൻ ടീമിനെ പിന്തുണക്കണമെന്ന ഛേത്രിയുടെ കരളലയിക്കുന്ന അപേക്ഷ കേട്ട് തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിൽ ക്യാപ്റ്റൻ തന്റെ നൂറാം മത്സരത്തിൽ ഇരട്ട ഗോളടിച്ചതോടെ ഇന്ത്യ 3-0 ന് കെനിയയെ തകർത്ത് ഫൈനലിലെത്തി. ജെജെ ലാൽപെഖ്‌ലുവയാണ് ഒരു ഗോൾ നേടിയത്.
മഴവെള്ളം കെട്ടി നിന്ന ഗ്രൗണ്ടിൽ ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷമാണ് കരുത്തരായ എതിരാളികൾക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. അറുപത്തെട്ടാം മിനിറ്റിൽ താൻ തന്നെ നേടിയെടുത്ത പെനാൽട്ടിയിലൂടെയാണ് ഛേത്രി ആദ്യ ഗോളടിച്ചത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മനോഹരമായി ഉയർത്തിയ പന്തിൽ രണ്ടാം ഗോൾ നേടി. എഴുപത്തൊന്നാം മിനിറ്റിലായിരുന്നു ജെജെയുടെ ഗോൾ. പതിനായിരത്തിലേറെ ആളുകൾ കളി കാണാനെത്തി. ആദ്യ മത്സരത്തിൽ ഛേത്രിയുടെ ഹാട്രിക്കിൽ ചൈനീസ് തായ്‌പെയ്‌യെ ഇന്ത്യ 5-0 ന് തകർത്തിരുന്നു. വ്യാഴാഴ്ച ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.
ചാറ്റൽ മഴയിൽ ഇരു ടീമുകൾക്കും താളം കണ്ടെത്താനാവാതിരുന്ന ആദ്യ പകുതിയിൽ കെനിയക്കായിരുന്നു നേരിയ മുൻതൂക്കം. രണ്ടാം പകുതിയിൽ മഴ മാറി നിന്നു. വിവാദ പെനാൽട്ടിയാണ് ലീഡ് നേടാൻ ഇന്ത്യയെ സഹായിച്ചത്. ഛേത്രിയെ കെനിയൻ ഡിഫന്റർ മിഷേൽ കിബ്‌വാഗെ വീഴ്ത്തിയത് പെനാൽട്ടി ഏരിയക്ക് പുറത്തു വെച്ചായിരുന്നു. എങ്കിലും റഫറി പെനാൽട്ടി വിധിച്ചു.
തായ്‌പെയ്‌ക്കെതിരായ കളി കാണാൻ 2500 പേർ പോലും എത്താതിരുന്നതോടെയാണ് ഛേത്രി ഹൃദയത്തിന്റെ ഭാഷയിൽ അഭ്യർഥന നടത്തിയത്. ഇന്ത്യൻ ഫുട്‌ബോളിനെ വിമർശിക്കാനെങ്കിലും കളി കാണാനെത്തൂ എന്നായിരുന്നു അപേക്ഷ. ക്രിക്കറ്റർമാരായ വിരാട് കോഹ്‌ലിയും സചിൻ ടെണ്ടുൽക്കറുമൊക്കെ അപേക്ഷ ഏറ്റെടുത്തു. 15,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞു. ഒരാൾ മാത്രം ആയിരത്തിലേറെ ടിക്കറ്റെടുത്തു. ആയിരത്തിൽ താഴെ പേരാണ് ശനിയാഴ്ച കെനിയ-ന്യൂസിലാന്റ് മത്സരം കാണാനെത്തിയിരുന്നത്.
'ഇന്ത്യൻ ഫുട്‌ബോളിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരോട് ഒരപേക്ഷ. ഇന്റർനെറ്റിൽ രോഷം ചൊരിയാൻ എളുപ്പമാണ്. വരൂ, ഗാലറിയിലിരുന്ന് ഞങ്ങൾക്കെതിരെ ഒച്ച വെക്കൂ. തെറി വിളിക്കൂ. ശരിയാണ്. യൂറോപ്യൻ ഫുട്‌ബോൾ വീക്ഷിക്കുന്നവർക്ക് ഞങ്ങളുടെ കളി പിടിക്കില്ല. പക്ഷെ നിശ്ചയദാർഢ്യത്തോടെ ഞങ്ങൾ കഴിയും വിധം പൊരുതുന്നത് ഒന്ന് വന്ന് നേരിൽ കാണൂ' -ഇതായിരുന്നു ഛേത്രിയുടെ അപേക്ഷ. 2015 ൽ 166 ാം സ്ഥാനത്തായിരുന്ന ഇന്ത്യ സമീപകാലത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ 16 കളികളിൽ പതിമൂന്നും ജയിച്ചു. റാങ്കിംഗിൽ ഇപ്പോൾ 97 ാം സ്ഥാനത്താണ്.