- കേരളത്തിലേത് കേന്ദ്രത്തിലേതിന്റെ തനിയാവർത്തനം. ഇ.ഡിയെക്കൊണ്ട് ബി.ബി.സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും ക്രൈംബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റിൽ റെയഡ് നടത്തിച്ച പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം - നരേന്ദ്ര മോദി സർക്കാറിന്റെ ബി.ബി.സി ഓഫീസ് റെയ്ഡും പിണറായി പോലീസിന്റെ ഏഷ്യാനെറ്റ് ന്യൂസിന്റെ റെയ്ഡും തമ്മിലെ വ്യത്യാസം ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പിണറായി സർക്കാറിന്റെ അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പോലീസ് റെയ്ഡ്. ദൽഹിയിലെ മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും ഒന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ് ഏഷ്യാനെറ്റ് റെയ്ഡിലൂടെ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൽഹിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിലും നടക്കുന്നത്. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ഓഫീസിൽ എസ്.എഫ്.ഐ ആക്രമണം ഉണ്ടായതും കോഴിക്കോട് ഓഫീസിലെ ഇന്നത്തെ പോലീസ് റെയ്ഡുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇ.ഡിയെക്കൊണ്ട് ബി.ബി.സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും ക്രൈംബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റിൽ റെയഡ് നടത്തിച്ച പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. സമരം ചെയ്യുന്നവരെ നക്‌സലൈറ്റുകളും അർബൻ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ആത്മഹത്യാ സ്‌ക്വാഡുകളുമാക്കുന്ന ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും അവസ്ഥയിലേക്ക് സർക്കാർ മാറി. ഇത് ഫാസിസന്റെ മറ്റൊരു വശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരിക്കുന്നവർക്കെതിരെ വിമർശങ്ങളും എതിർപ്പുകളും ചോദ്യം ചോദിക്കലും പാടില്ലെന്നതാണ് പിണറായിസം. പ്രതിപക്ഷം മുഖ്യന്ത്രിയുടെ കുടുബത്തെ വേട്ടയാടുന്നുവെന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. പ്രതിപക്ഷം എവിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്? സ്വന്തം കുടുംബത്തെ വേട്ടയാടുന്നുവെന്നായിരുന്നു ഇ.പി ജയരാജന്റെ പരാതി. അതും പ്രതിപക്ഷമല്ല. സി.പി.എമ്മുകാർ തന്നെയാണ് ജയരാജന്റെ കുടുംബത്തെ വേട്ടയാടുന്നത്. അപ്പോൾ ഞാൻ ഒറ്റയ്ക്കല്ല, പിണറായി വിജയന്റെ കുടുംബവും വിവാദത്തിൽ ഉണ്ടെന്നാണ് ഇ.പി ജയരാജൻ പറഞ്ഞതിന്റെ അർത്ഥം. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ജയരാജൻ പൊതുശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. എം.വി ഗോവിന്ദൻ നയിക്കുന്നത് സ്വയം പ്രതിരോധ ജാഥയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അദ്ദേഹത്തിന് പാർട്ടിയുടെ ജീർണതയെ പ്രതിരോധിക്കേണ്ടി വരും. പല സ്ഥലത്തും ജാഥയിൽ ആളുണ്ടായിരുന്നില്ല. ജീർണിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുകയാണ്. ജീർണതയിൽനിന്നും സി.പി.എമ്മിനെ രക്ഷിക്കാനുള്ള സ്വയം പ്രതിരോധ ജാഥയാണിതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.