ജിദ്ദ-സൗദിയുടെ ഫുട്‌ബോൾ ചരിത്രം ലോകത്തിന് മുന്നിൽ വ്യക്തമാണ്. ഖത്തറിൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയെ തോൽപ്പിച്ചതുമുതൽ സൗദിയുടെ ഫുട്‌ബോൾ മേഖലയിലെ ആധിപത്യം കായിക ലോകത്ത് ആധികാരികമായി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ക്രിക്കറ്റിൽ സൗദി അറേബ്യയുടെ സ്വാധീനം അധികമാർക്കും അറിയില്ല. അല്ലെങ്കിൽ ക്രിക്കറ്റ് പിച്ചിൽ സൗദി പിച്ചവെച്ചു തുടങ്ങുകയാണ്. ആരുമറിയുന്നില്ലെന്ന് മാത്രം. ഇന്ന്(ഞായർ) തായ്‌ലന്റിൽ ബഹ്‌റൈനെ പത്തു വിക്കറ്റിന് തോൽപ്പിച്ച് സൗദി അറേബ്യ കിരീടം ചൂടുമ്പോൾ രാജ്യത്തിന്റെ ക്രിക്കറ്റ് ആധിപത്യം കൂടി ലോകത്തിന് മുമ്പാകെ വെളിപ്പെടുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ എ.സി.സി ചലഞ്ചേഴ്‌സ് കിരീടമാണ് പച്ചയുടുപ്പിട്ട സൗദി സ്വന്തമാക്കിയത്. 21.1 ഓവറിൽ ബഹ്‌റൈനെ 26 റൺസിന് പുറത്താക്കിയ സൗദി 4.1 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെയാണ് സൗദി വിജയിച്ചത്.
സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ പ്രിൻസ് സൗദ് ബിൻ മിഷാൽ തായ്‌ലൻഡിൽ സൗദി ക്രിക്കറ്റ് ടീമിന്റെ കൂടെ മുഴുവൻ പിന്തുണയുമായി ഒപ്പമുണ്ട്. ഞങ്ങൾക്ക് എല്ലായ്‌പ്പോഴും ലഭിച്ചിട്ടുള്ള വൻ പിന്തുണക്ക് ഡയറക്ടർ ബോർഡിന് നന്ദി പറുന്നതായി സൗദ് ബിൻ മിഷാൽ മലയാളം ന്യൂസിനോട് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്താണ് കപ്പ് സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നമുക്കെല്ലാവർക്കും ഇത് അഭിമാന നിമിഷമാണ്. വിജയം സൗദി അറേബ്യയിലെ വരാനിരിക്കുന്ന നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാകും. ഭാവിയിൽ കൂടുതൽ വിജയത്തിന്റെ തുടക്കം മാത്രമാണിത്.
എട്ട് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സൗദി അറേബ്യയുടെ സ്റ്റാർ ബൗളർ അതിഫ് ഉർ റഹ്മാൻ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 'ശരിയായ സ്ഥലങ്ങളിൽ പന്തെറിയാൻ പരിശീലകൻ എന്നെ ഉപദേശിച്ചു. വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ലൈനും ലെങ്തും നിലനിർത്തുന്നതിൽ ഞാൻ വിജയിച്ചു. ബഹ്‌റൈൻ ബാറ്റ്‌സ്മാൻമാരെ സ്‌കോർ ചെയ്യുന്നതിൽ നിന്ന് മാത്രമല്ല, വിക്കറ്റ് വീഴ്ത്തുന്നതിലും സഹായിച്ചു. രാവിലെ കാറ്റും സഹായകരമായിരുന്നു. മത്സരത്തിലുടനീളം സൗദി അറേബ്യയുടെ മികച്ച പ്രകടനം നടത്തിയ ഇഷ്തിയാഖ് അഹമ്മദ് പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് സ്വന്തമാക്കി. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ സൗദി അറേബ്യ ഭൂട്ടാനെയും രണ്ടാം സെമിയിൽ ബഹ്‌റൈൻ ആതിഥേയരായ തായ്‌ലൻഡിനെയും പരാജയപ്പെടുത്തി.
ഞായറാഴ്ച ടോസ് നേടിയ സൗദി അറേബ്യ ബൗൾ ചെയ്യാൻ തീരുമാനിച്ചു, തുടക്കം മുതൽ തകർപ്പൻ പ്രകടനത്തിന് കളമൊരുക്കി. ബഹ്‌റൈൻ താരങ്ങൾക്കൊന്നും ശക്തമായ കൂട്ടുകെട്ട് പടുത്തുയർത്താൻ ആവശ്യമായ സമയം സൗദി നൽകിയില്ല. ബഹ്‌റൈന്റെ ഒരു കളിക്കാരനും രണ്ടക്കം കടക്കാനായില്ല. 42 പന്തിൽ ഏഴു റൺസ് നേടിയ അബ്ദുൾ മജീദ് അബ്ബാസിയാണ് ബഹ്‌റൈന്റെ ടോപ് സ്‌കോറർ. 19 പന്തിൽ മൂന്ന് റൺസ് നേടിയ അലി ദാവൂദും രണ്ട് പന്തിൽ നിന്ന് രണ്ട് റൺസെടുത്ത ഹൈദർ അലിയുമാണ് മറ്റ് ടോപ് സ്‌കോറർമാർ. മ്യാൻമറിനെതിരെ 424 റൺസാണ് സൗദി നേടിയത്. ഈ ടൂർണമെന്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.
'ഞങ്ങൾ ഞങ്ങളുടെ പ്ലാൻ അനുസരിച്ച് കളിച്ചു, ഫൈനലിലും ടൂർണമെന്റിലുടനീളം പ്ലാൻ നിലനിർത്തി. ഞങ്ങൾ 424 എന്ന റെക്കോർഡ് സ്‌കോർ നേടിയപ്പോൾ, ഞങ്ങൾ ഞങ്ങളുടെ ബാറ്റിംഗ് ശക്തി പരിശോധിച്ചു, എല്ലാവരും അവരുടെ പോയിന്റ് തെളിയിച്ചു-മത്സരത്തിന് ശേഷം സൗദി അറേബ്യയുടെ ക്യാപ്റ്റൻ മുഹമ്മദ് ഹിഷാം ഷെയ്ഖ് പറഞ്ഞു.
വിജയത്തോടെ അടുത്ത മാസം നേപ്പാളിൽ നടക്കാനിരിക്കുന്ന എ.സി.സി പ്രീമിയർ കപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. വലിയ വെല്ലുവിളികൾ നിറഞ്ഞ ചക്രവാളത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് ക്യാപ്റ്റൻ പറഞ്ഞു. ഫൈനലിസ്റ്റുകളായ ബഹ്‌റൈനും എ.സി.സി പ്രീമിയർ കപ്പിലേക്കും യോഗ്യത നേടി. 12 വിക്കറ്റ് വീഴ്ത്തിയ സ്പിൻ മാന്ത്രികൻ അബ്ബാസി ടൂർണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് ബഹ്‌റൈന് കൂടുതൽ ആശ്വാസമായി.