രാജപുരം-ചൂടിന്റെ കാഠിന്യം കൂടിയതോടെ മലയോര പ്രദേശങ്ങൾ കാട്ടുതീയുടെ ഭീതിയിലായി. ചാമുണ്ടിക്കുന്ന് വനത്തിലുണ്ടായ തീപിടുത്തം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. തീ പടർന്നതോടെ ജനവാസകേന്ദ്രത്തിലേക്ക് തീപടരാതിരിക്കാൻ നാട്ടുകാർ ഒന്നടങ്കം പരിശ്രമിച്ചത് കൊണ്ടാണ് തീയണക്കാനായത്. വീടുകളിലേക്കും, കൃഷി സ്ഥലത്തേക്കും തീ പടരാതെ ഇരിക്കാനുള്ള ശ്രമമായിരുന്നു നാട്ടുകാർ നടത്തിയത്. നൂറുകണക്കിന് മരങ്ങൾ കത്തി. നിരവധി മൃഗങ്ങളും, ഇഴജന്തുക്കളും ചത്തു. ചാമുണ്ടിക്കുന്ന് ചിറ്റാരി പ്രദേശത്തെ വനഭൂമിയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. 75 ഏക്കർ സ്ഥലമാണ് ഇവിടെ വനം വകുപ്പിന് ഉള്ളത്. ഈ സ്ഥലത്ത് തീ പടർന്നു പിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീ പടർന്നുപിടിച്ചതോടെ തീ അണക്കാൻ കഴിയാത്ത സ്ഥിതിയായി. വൻ മരങ്ങളും, മുളകൂട്ടങ്ങളുമാണ് ഇവിടെയുള്ളത്. മരങ്ങൾക്ക് തീപിടിച്ചതോടെ അണക്കാൻ മണിക്കൂറുകൾ എടുത്തു. ഫയർഫോഴ്‌സെത്തിയെയെങ്കിലും റോഡില്ലാത്തതിനാൽ വെള്ളം പമ്പുചെയ്യാൻ പ്രയാസപ്പെട്ടു. ലക്ഷങ്ങൾ വില വരുന്ന വൻ കാട്ടുമരങ്ങളാണ് കത്തിയത്. പരിസര പ്രദേശങ്ങൾ പുകപടലങ്ങൾ കൊണ്ടുനിറഞ്ഞു. ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവരുമെത്തി വൈകിട്ട് ആറോടെ തീയണച്ചു. വനത്തിന് സമീപത്തായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വനാതിർത്തികളിൽ ഫയർബെൽറ്റ് അടിച്ച് തീ പടരാതിരിക്കാൻ ശ്രദ്ധിച്ചത് കൂടുതൽ അപകടം ഒഴിവായി.
തീപിടിത്തത്തിൽ വന്യമുഗങ്ങളും, ഇഴജന്തുക്കളും ചത്തു. കാട്ടുതീ പെട്ടന്നു പടർന്നതും, തീ അണക്കാൻ വൈകിയതും കാട്ടുമൃഗങ്ങളും മറ്റും ചാകാനിടയാക്കി. പ്രദേശത്ത് നിരവധി പാമ്പുകൾ വെന്തു ചത്തതായി കണ്ടെത്തി. ഉൾകാട്ടിൽ വന്യമഗങ്ങൾ കാട്ടുതീയിൽപെട്ടിട്ടുണ്ടാവുമെന്ന് വനം വകുപ്പ് അധികൃതർ സൂചന നൽകുന്നു.