കൊല്ലം- അധ്യാപികയുടെ ഫോൺ മോഷ്ടിച്ച് സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ സഹഅധ്യാപകരായ രണ്ടു പേരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. തേവലക്കര ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ ഒളിവിലാണ്. സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക കെ.എസ് സോയയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ) ഉൾപ്പെടെയുള്ള വാട്‌സാപ് ഗ്രൂപ്പുകളിൽ സി.പി.എം നേതാക്കളെയും സ്‌കൂളിലെ അധ്യാപകരെയും പരാമർശിച്ച് അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഫോൺ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പരാതി നൽകി. എന്നാൽ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളും സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് അന്വേഷണസംഘം പറഞ്ഞു. സംഭവത്തിനു ശേഷം ഫോൺ പൂർണമായി നശിപ്പിച്ചെന്നാണ് സൂചന. ഒളിവിൽ കഴിയുന്ന പ്രജീഷ് സി.പി.എം ജില്ലാ കമ്മിറ്റിയംഗത്തിന്റെ കുടുംബാംഗമാണ്.