കോട്ടയം : തിരുവഞ്ചൂരില്‍ യുവാവിനെ ദേഹമാസകലം മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ വല്ലന്നൂര്‍ക്കര കോളനിയിലെ ഷൈജു(46)വിന്റെ മൃതദേഹമാണ് പോളച്ചിറ പമ്പ് ഹൗസിന് സമീപം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിന്റെ സുഹൃത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഷൈജു പെയിന്റിങ് തൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഷൈജുവിന്റെ മൃതദേഹം ആദ്യംകണ്ടത്. പിന്നാലെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ വിവിധയിടങ്ങളിലായി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.