Sorry, you need to enable JavaScript to visit this website.

മക്കയിൽ ഹോട്ടൽ വാടക വർധിച്ചു

മക്ക- വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിൽ ഹോട്ടൽ വാടക 80 ശതമാനം വരെ വർധിച്ചു. ഹറമിനു സമീപമുള്ള ഹോട്ടലുകളിൽ ഒരു മുറിയുടെ ദിവസ വാടക 800 റിയാൽ മുതൽ 1,000 റിയാൽ വരെയായി ഉയർന്നു. വിശുദ്ധ ഹറമിന്റെ ദൃശ്യം കാണുന്ന നിലക്കുള്ള മുറിക്ക് 1,500 റിയാൽ വരെയാണ് ദിവസ വാടകയെന്ന് ഹോട്ടൽ മേഖലാ നിക്ഷേപകൻ ഹാനി അൽഉമൈരി അൽഹദ്‌ലി പറഞ്ഞു. അവസാന പത്തിലെ മുഴുവൻ ദിവസങ്ങളിലും ഹറമിനു സമീപമുള്ള ഹോട്ടലുകളിലെ എല്ലാ മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഹറമിൽ നിന്ന് ദൂരം കൂടുന്തോറും ഹോട്ടൽ വാടക കുറയും. വിശുദ്ധ റമദാനാണ് മക്കയിലെ ഹോട്ടലുകളെ സംബന്ധിച്ചേടത്തോളം ഏറ്റവും നല്ല സീസൺ എന്നും ഹാനി അൽഉമൈരി അൽഹദ്‌ലി പറഞ്ഞു.
ഹറമിൽ നിന്നുള്ള ദൂരം, ഹോട്ടലുകളുടെ ഗ്രേഡ് എന്നിവക്ക് അനുസരിച്ച് വാടക വ്യത്യസ്തമാണെന്ന് ഹോട്ടൽ മേഖലാ നിക്ഷേപകൻ സാലിം അൽമത്‌റഫി പറഞ്ഞു. ഹറമിൽ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിൽ 40 മുതൽ 60 ശതമാനം വരെ മുറികളിലാണ് താമസക്കാരുള്ളതെന്നും സാലിം അൽമത്‌റഫി പറഞ്ഞു. അവസാന പത്തിൽ വിശുദ്ധ ഹറമിനു സമീപമുള്ള ഹോട്ടലുകളിലെ എല്ലാ മുറികളിലും താമസക്കാരുണ്ടാകുമെന്ന് ഹോട്ടൽ മാനേജർ ബന്ദർ റജബ് പറഞ്ഞു. അവസാന പത്തിൽ ഇഫ്താറും അത്താഴവും അടക്കമുള്ള പാക്കേജുകൾക്ക് 29,000 റിയാൽ വരെയാണ് നിരക്കെന്ന് ബന്ദർ റജബ് പറഞ്ഞു. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ ലൈസൻസുള്ള 1,200 ഹോട്ടലുകളാണ് മക്കയിലുള്ളതെന്ന് ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ മക്ക ശാഖാ മേധാവി ഫൈസൽ അൽശരീഫ് പറഞ്ഞു. ഇവയിൽ ആകെ 90,000 മുറികളുണ്ട്. ഒരേസമയം ആകെ പത്തു ലക്ഷത്തോളം പേർക്ക് താമസസൗകര്യം നൽകുന്നതിന് ഈ ഹോട്ടലുകൾക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News