തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ തീരുമാനം. പന്ത്രണ്ടംഗ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിലുള്ളത്. ഇവര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം സര്‍ക്കാരിന് 6,64,490 രൂപയാണ് ചെലവാകുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക, വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുക എന്നിവ മാത്രമാണ് ഈ സംഘത്തിന്റെ ചുമതല.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനത്തെ അറിയിക്കാന്‍ പി ആര്‍ ഡി വിഭാഗത്തില്‍ നൂറോളം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുമ്പോഴാണ് കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ സംഘം മുഖ്യമന്ത്രിക്കായി പ്രവര്‍ത്തിക്കുന്നത്. ഭീമമായ ശമ്പളമാണ് ഇവര്‍ക്ക് നല്‍കുന്നത്. സംഘത്തിലെ തലവന് 75000 രൂപയും, കണ്ടന്റ് മാനേജര്‍ക്ക് 70000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 65,000 രൂപ എന്നിങ്ങനെയാണ് ശമ്പളഘടന. സംഘത്തില്‍ ഏറ്റവും കുറവ് ശമ്പളം 22290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനാണ്. പിണറായി കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോള്‍ സോഷ്യല്‍ മീഡിയാ സംഘത്തില്‍ ഒന്‍പതുപേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പന്ത്രണ്ടായി വര്‍ദ്ധിക്കുകയായിരുന്നു. ആദ്യം ആറുമാസത്തേക്ക് നിയമിച്ച ഇവര്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുകയായിരുന്നു.