Sorry, you need to enable JavaScript to visit this website.

പ്രണയിച്ചാല്‍ ബിസിനസ് കുറയും ; അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് ഇടയ്ക്കിടെ തല്ലു കിട്ടുമെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍  സ്ഥാപന നടത്തിപ്പുകാരന്‍ ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ശനിയ്‌ഴ്ച പുറത്ത് വന്നിരുന്നു. വലിയ ക്രൂരതയാണ് ഇവിടെ അരങ്ങേറിയത്. ഇതിന് പിന്നാലെ സ്ഥാപനത്തില്‍  നടക്കുന്ന തൊഴില്‍ ചൂഷണത്തെക്കുറിച്ച് ഒരു ടി വി ചാനലിനോട് മനസ് തുറന്നിരിക്കുകയാണ് മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി. ബിസിനസ് കുറഞ്ഞാല്‍ നടത്തിപ്പുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് വയനാട്ടുകാരിയായ പെണ്‍കുട്ടി പറയുന്നു. വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

താന്‍ ഒരു യുവാവിനെ പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന കാര്യവും പെണ്‍കുട്ടി വെളിപ്പെടുത്തുന്നുണ്ട്. പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം. സ്ഥാപന നടത്തിപ്പുകാരന്റെ ഭാര്യയും പല തവണ മര്‍ദിച്ചു. പണം കാണാനില്ല എന്നാരോപിച്ച് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു.
ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് വയനാട് സ്വദേശിനിയായ ജീവനക്കാരിയെ  മര്‍ദിച്ച ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. സ്ഥാപന നടത്തിപ്പുകാരനായ പനമരം സ്വദേശി അരുണിനെ ഇന്നലെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്.  കേസില്‍ അരുണിന്റെ  ഭാര്യ പ്രിന്‍സിക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മര്‍ദ്ദിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

 

Latest News