തൃശൂർ- പുതുക്കാട് ഗവണ്മെന്റ് ആശുപത്രിക് സമീപം ജനവാസ മേഖലയിൽ ഒഴിഞ്ഞ പറമ്പിൽ തീ പടർന്നു പിടിച്ചു. പുതുക്കാട് നിലയത്തിലെ വാഹനങ്ങൾ മറ്റു അഗ്‌നിശമന പ്രവർത്തനങ്ങളിൽ ആയതിനാൽ ചാലക്കുടി നിലയത്തിൽ നിന്നും സീനിയർ ഫയർ അനസ് റെസ്‌ക്യൂ ഓഫീസർ പി. ഒ വർഗീസിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ കെ. കെ രാധാകൃഷ്ണൻ,പി. എസ് സന്തോഷ്‌കുമാർ, ബി അനീഷ്, വി ആർ രജീഷ്, യു അനൂപ് എന്നിവർ ചേർന്നു തീ അണച്ചു വീടുകളിലേക്കു തീ പടരാതെ സംരക്ഷിച്ചു.
പാലപ്പിള്ളി വലിയകുളത്ത് കാട്ട് തീ. രണ്ടു ദിവസമായി കാടിനുള്ളിൽ 6 ഹെക്ടർ കത്തിനശിച്ചതായി പറയുന്നു. വനാതിർത്തിക്കു സമീപത്തുനിന്നാണ് തീ ആരംഭിച്ചതെന്ന് വനപാലകർ പറഞ്ഞു. അടിക്കാടുകളും വലിയ മരങ്ങളും ചെറുജീവികളും കത്തിനശിച്ചു. തീയണക്കാനുള്ള പരിശ്രമത്തിലാണ് വനപാലകരും പരിസ്ഥിതി പ്രവർത്തകരും.
കുന്നംകുളം പന്തല്ലൂർ ഉദയനഗർ ബസ്‌റ്റോപ്പിന് സമീപം പാടത്ത് വൻ തീപിടുത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സും നാട്ടുകാരും ഏറെ നേരം ശ്രമിച്ചിട്ടാണ് സാധിച്ചത്.
അതേസമയം, കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. എന്നാൽ തീആൡടരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. അത് പൂർണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സജ്ജമാക്കുമെന്നും കലക്ടർ പറഞ്ഞു. നാവികസേനയും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ഐഎൻഎസ് ഗരുഡയുടെ നേവൽ എഎൽഎച്ച് (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ) അഗ്നിബാധിത പ്രദേശങ്ങളിൽ വാട്ടർ ബക്കറ്റുകൾ ഇടുന്നതിനായി ലാർജ് ഏരിയ ഏരിയൽ ലിക്വിഡ് ഡിസ്പേഴ്ഷൻ എക്യുപ്മെന്റ് വിന്യസിച്ചു. സജീവമായ അഗ്‌നിശമന മേഖലകളിൽ 5000 ലിറ്ററിലധികം വെള്ളം തളിച്ചു. നേവിയുടെ ഹെലികോപ്ടറിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനം തുടക്കത്തിൽ ഫലപ്രദമായിരുന്നെങ്കിലും പുക ഉയരുന്നതിനാൽ അഗ്നിസേനാ വിഭാഗത്തിന് താഴെ നിന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നു. അതിനാൽ ഹെലികോപ്ടറിലെ വെള്ളമുപയോഗിച്ചുള്ള തീയണയ്ക്കൽ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്നും കലക്ടർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടർ. അഗ്‌നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.
നൂറു ഏക്കറോളമുള്ള മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കൽ നടപടിയാണ് പുരോഗമിക്കുന്നത്. ഇതിൽ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യൂണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഈ രീതിയിൽ മേഖല തിരിച്ചുള്ള തീയണയ്ക്കൽ തുടരുന്നതാണ് അഭികാമ്യമെന്ന് ഉന്നതതലയോഗം നിർദേശിച്ചു. നിലവിലുള്ള 27 യൂണിറ്റുകൾക്ക് പുറമേ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ ഞായറാഴ്ച്ച വിന്യസിക്കും. സമീപത്തെ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയിൽ നിന്ന് രണ്ടു വലിയ പമ്പുകൾ എത്തിക്കും. ചെറിയ ഡീസൽ പമ്പുകൾ ലഭ്യമാക്കാനും തീരുമാനിച്ചു. അതേസമയം കാറ്റിന്റെ ദിശ മാറി മാറി വരുന്നത് യുണിറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ കാറ്റ് വീശുന്നത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക കൂടുതലായി ഉയരുന്നതിനും കാരണമാകുന്നുണ്ടെന്ന് കലക്ടർ പറഞ്ഞു.
സമീപവാസികൾക്കോ തീയണയ്ക്കുന്ന ജീവനക്കാർക്കോ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സ തേടുന്നതിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ജനറൽ ആശുപത്രി ഉൾപ്പടെയുള്ളവയും സജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കൂടാതെ ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്‌കും ആരംഭിക്കും. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്നും കലക്ടർ അറിയിച്ചു.
പുക നിയന്ത്രണവിധേയമാക്കുവാൻ കഴിയാത്തതിനാൽ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കഴിയുന്നതും വീടുകളിൽ തന്നെ കഴിയണം. കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കലക്ടർ അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണിത്.