തിരൂർ- 2014 ൽ മോഡി സർക്കാർ അധികാരമേറ്റത് മുതൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ സകല നിർവചനങ്ങൾക്കുമപ്പുറം ഭരണകൂടവും അദാനി എന്ന കോർപറേറ്റും ഒന്നായി മാറിക്കൊണ്ടിരിക്കുകയാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച മോഡി- അദാനി കൂട്ടുകെട്ട് ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികൾ ഗുജറാത്ത് വംശഹത്യക്ക് ശേഷം മോഡി നേതൃത്വത്തോട് അകലം പാലിച്ച ഘട്ടത്തിലാണ് ഗൗതം അദാനി-മോഡി ചങ്ങാത്തം ശക്തിപ്പെടുന്നത്.
ആപ്‌കോ വേൾഡ്‌വൈഡ് എന്ന പിആർ കമ്പനിയെ ഉപയോഗപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ 'വൈബ്രൻറ് ഗുജറാത്ത്' , 'ഗുജറാത്ത് മോഡൽ' പ്രചരണ പ്രവർത്തനങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് അദാനിയായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ, വംശഹത്യയുടെ മോശം ഇമേജ് ഉണ്ടായിരിക്കെ അതിനെ വർഗീയ പ്രചരണത്തിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിക്കുവാനാവശ്യമായ സാമ്പത്തിക സഹായം ചെയ്തുനൽകിയത് അദാനിയായിരുന്നു. തുടർന്ന് നരേന്ദ്രമോദിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ച് രാജ്യത്തിന്റെ പൊതു വിഭവങ്ങളും ബാങ്ക് വായ്കളും അന്യായമായി ദുരുപയോഗം ചെയ്തും വ്യാജപ്രതീതി സൃഷ്ടിച്ചുമാണ് രാജ്യത്തിനകത്തും പുറത്തുമായി അദാനി ഗ്രൂപ്പ് പലതരം ബിസിനസ് ആരംഭിച്ചത്. മോദി ഭരണകൂടവും അദാനി ഗ്രൂപ്പും ഒന്നായി മാറി രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ചതിന്റെ ചിത്രമാണ് ഹിൻഡൻസ് ബർഗ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഭരണകൂടവും കോർപ്പറേറ്റും ഒന്നായി മാറുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇന്ത്യൻ ഉദാഹരണമാണ് മോദി അദാനി കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു കോർപ്പറേറ്റ് ചൂഷക കമ്പനിയെ കേരള സർക്കാരും ഇടതുപക്ഷവും ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്നതിലെ അപകടം കേരള ജനതയും തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി പുറത്തിറക്കിയ അദാനി - മോദി കൂട്ട്‌കെട്ട് വ്യക്തമാക്കുന്ന ബുക്ക്‌ലെറ്റ് പി സുരേന്ദ്രന് കൈമാറി സംസ്ഥാന പ്രസിഡന്റ് പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് നസീറാ ബാനു എന്നിവർ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വഹാബ് വെട്ടം സ്വാഗതവും തിരൂർ മണ്ഡലം പ്രസിഡന്റ് റഷീദ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.