കോഴിക്കോട്- പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനിയോട് കരുണ കാണിക്കണമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം. അബ്ദുന്നാസർ മഅദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകൾക്കപ്പുറം ഇനിയൊരു സ്റ്റാൻ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അബ്ദുന്നാസർ മഅദനിയുടെ ദുർബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടത്. വളരെ മുമ്പെ, ശബ്ദ ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേൽ ദുർബലമായത് ഭരണ കൂട ഭീകരതയുടെ പല്ലും നഖവും ഏൽക്കേണ്ടി വന്ന നിസ്സഹായതയിൽ നിന്നാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോൾ ഒരു പൂ നൽകാതെ മരിച്ചവർക്ക് പുഷ്പചക്രം നൽകുന്നവരായി മലയാളികൾ മാറിക്കൂടാ. മഅദനി വേദനയുടെ ഒരു കടൽ കുടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാൻ വിട്ട് കൊടുക്കരുതെന്നും നജീബ് ആവശ്യപ്പെട്ടു.
ആരോഗ്യാവസ്ഥ വളരെ മോശം അവസ്ഥയിലാണെന്നും ഇനിയൊരിക്കൽ കൂടി നിങ്ങളോട് സംസാരിക്കാൻ കഴിയുമോ എന്നറിയില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി ശബ്ദസന്ദേശം പങ്കുവെച്ചിരുന്നു.
മഅ്ദനിയുടെ സന്ദേശം:
കഴിഞ്ഞ കുറെ ദിവസമായി ആരോഗ്യാവസ്ഥ വളരെ മോശമാണ്. കഴിഞ്ഞ റമദാനിലാണ് സ്‌ട്രോക്ക് ഉണ്ടായത്. മുഖം കോടി സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ ലഭിച്ചതിനാൽ പെട്ടെന്ന് തന്നെ സുഖമായി. പിന്നീടും ശാരീരിക അവശതയുണ്ടായെങ്കിലും മികച്ച ചികിത്സയിലൂടെയും മരുന്നുകളിലൂടെയും രോഗത്തിന് കുറവുണ്ടായി.
ഏതാനും ദിവസം മുമ്പുണ്ടായ ശക്തമായ വേദന കണ്ണിന്റെ മുകൾ ഭാഗം മുതൽ താടിയെല്ലും അടക്കം ശരീരത്തിന്റെ ഇടതുഭാഗത്ത് മുഴുക്കേയുണ്ടായി. പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. തിങ്കളാഴ്ചയാണ് ഇ.എൻ.ടിയെ കണ്ടത്. അദ്ദേഹം കുറെ ആന്റബയോട്ടിക്കുകൾ കണ്ടു. ശരീരത്തിനുണ്ടായ അവശതകൾ വിശദീകരിച്ചപ്പോൾ നിർബന്ധമായും ന്യൂറോ സർജനെ കാണാൻ ഉപദേശിച്ചു. ന്യൂറോ സർജൻ എം.ആർ.ഐ എടുക്കാൻ നിർദ്ദേശിച്ചു. എം.ആർ.ഐ റിസൽട്ടിന് ശേഷം ഡോക്ടർ എഴുതിയ മരുന്ന് വാങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് റിസൽട്ട് മകൻ അയ്യൂബി വഴി കോട്ടയത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സാജനെ കാണിച്ചു. ഡോക്ടറാണ് രോഗത്തിന്റെ ഭീകരാവസ്ഥയെ പറ്റി പറഞ്ഞത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹമുള്ള കുഴലുകൾ അടഞ്ഞുപോകുന്ന അവസ്ഥയുണ്ടെന്നും ശരീരത്തിന്റെ തളർച്ചക്ക് അതാണ് കാരണമെന്നും ഡോക്ടർ പറഞ്ഞു.