തൃശൂർ-തൃശൂർ കുട്ടനെല്ലൂരിൽ ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തിൽ മൂന്നു കോടിയുടെ നഷ്ടം. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ജീപ്പിന്റെ കാർ കമ്പനി ഷോറൂമിലാണ് അഗ്‌നിബാധയിൽ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. 40 ലക്ഷം വില വരുന്ന മൂന്ന് വാഹനങ്ങൾ ആണ് കത്തി നശിച്ചത്.
അഞ്ചു ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള ഒമ്പത് ഫയർ യൂണിറ്റുകൾ ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചത്. ശനിയാഴ്ച രാവിലെ അഞ്ചേമുക്കലോടെയാണ് തീപിടുത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്‌സ് ആണ് ആദ്യം എത്തിയത്. എന്നാൽ ഈ മൂന്ന് യൂണിറ്റ് ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ ജില്ലയുടെ വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിന്ന് ആറു യൂണിറ്റ് ഫയർ ഫോഴ്‌സ് കൂടി തീയണക്കാൻ എത്തി. കാർ ഷോറൂമിന്റെ പിൻവശത്ത് നിന്നാണ് തീപിടുത്തം ആദ്യം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പിന്നീട് തീ മുൻ ഭാഗത്തേക്കും പടരുകയായിരുന്നു. വാഹനങ്ങളുടെ താക്കോൽ ഷോറൂമിന് അകത്തായിരുന്നതിനാൽ തീപിടുത്തം ഉണ്ടായപ്പോൾ പല വാഹനങ്ങളും ഡോർ തുറന്ന് പുറത്തിറക്കാനും സാധിച്ചില്ല. രക്ഷാപ്രവർത്തനം രണ്ടരമണിക്കൂറോളം നീണ്ടു.