Sorry, you need to enable JavaScript to visit this website.

മാനസികവൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 34 വര്‍ഷം കഠിനതടവ്

പത്തനംതിട്ട - മാനസിക വൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പ്രതിക്ക് 34 വര്‍ഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനാണ് അടൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ കോടതി) ജഡ്ജി എ. സമീര്‍  ശിക്ഷിച്ചത്. പിഴ പെണ്‍കുട്ടിക്ക് നല്‍കണം, അടക്കാതെ വന്നാല്‍ മൂന്ന് വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കൊടുമണ്‍ പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ആവര്‍ഷം ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്‌റ്റേജ് കെട്ടുന്ന പണിയില്‍ ഏര്‍പ്പെട്ട പ്രതി, തൊട്ടടുത്ത വീട്ടില്‍ അതിക്രമിച്ചു കയറി ടി വി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാവിന്റെ പരാതിയില്‍ പ്രത്യേക വിദഗ്ദ്ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കൊടുമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും, 17 രേഖകള്‍ തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്മിത ജോണ്‍ പി ഹാജരായി.

 

Latest News