കോഴിക്കോട്- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻഡ് എഡിറ്റർ ഷാജഹാൻ, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെയാണ് കേസ്. പോക്‌സോ (119,21), വ്യാജരേഖ ചമയ്ക്കൽ (ഐ.പി.സി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പി വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസിൽ കഴിഞ്ഞ വർഷം നവംബർ 10 ന് സംപ്രേഷണം ചെയ്ത ' നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 14 വയസുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്‌സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
വിഷയവുമായി ബന്ധപ്പെട്ട് പി.വി അൻവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കെട്ടിചമച്ച വാർത്തയെന്ന പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ വ്യാജവാർത്ത നൽകിയെന്ന പ്രചരണം തെറ്റെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം.
വാർത്തയിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിൽ അതിക്രമിച്ചു കയറി ഏഷ്യാനെറ്റിനെതിരെ ബാനർപതിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന പ്രവർത്തകർ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ 'ഈ സ്ഥാപനം സാംസ്‌കാരിക കേരളത്തിന് അപമാനം' എന്ന ബാനർ ഓഫീസിന്റെ ഭിത്തിയിൽ പതിച്ചു. ജീവനക്കാരെ പ്രതഷേധക്കാർ ഭീഷണിപ്പെടുത്തിയതായി ഏഷ്യാനെറ്റ് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് പോലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡൻറ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് 30 ഓളം പ്രവർത്തകർക്കെതരെ കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയതായി അഭിലാഷ് ജി നായർ അറിയിച്ചു.
സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽ നിന്നുണ്ടായത്. സ്ഥാപനത്തിൽ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കിയതും സ്ഥാപനത്തിന് മുന്നിൽ അധിക്ഷേപ ബാനർ കെട്ടിയതും അപലപനീയമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.