Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇഫ്താറിന് സംഭാവനകൾ ശേഖരിക്കരുത്, പ്രാർത്ഥനകളിൽ നീട്ടലും മണിക്കലും വേണ്ട

റിയാദ് - വിശുദ്ധ റമദാനിൽ മസ്ജിദുകളോട് ചേർന്ന് ഇഫ്താർ വിതരണം ചെയ്യാൻ സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുള്ളതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഇമാമുമാരും മുഅദ്ദിനുകളും അടക്കം മസ്ജിദ് ജീവനക്കാർക്കുള്ള വ്യവസ്ഥകളും നിർദേശങ്ങളും ഉൾപ്പെടുത്തി മന്ത്രി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇഫ്താർ നടത്താനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി മസ്ജിദുകൾ കേന്ദ്രീകരിച്ച് സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുള്ള കാര്യം വ്യക്തമാക്കിയത്. മസ്ജിദിന്റെ മുറ്റങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ ഇമാമിന്റെയും മുഅദ്ദിന്റെയും ഉത്തരവാദിത്തത്തിലായിരിക്കണം ഇഫ്താർ വിതരണം ചെയ്യേണ്ടത്. ഇഫ്താർ വിതരണം ചെയ്യുന്നവർ ഇഫ്താർ പൂർത്തിയായ ശേഷം സ്ഥലം വൃത്തിയാക്കണം. ഇഫ്താർ വിതരണത്തിന് മസ്ജിദുകളുടെ മുറ്റങ്ങളിൽ താൽക്കാലിക മുറികളോ തമ്പുകളോ സ്ഥാപിക്കാൻ പാടില്ല.
അനിവാര്യമായ സാഹചര്യങ്ങളിൽ ഒഴികെ റമദാനിൽ ഇമാമുമാരും മുഅദ്ദിനുകളും മറ്റു ജീവനക്കാരും ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ പാടില്ല. നിയമാനുസൃത കാരണങ്ങളുടെ പേരിൽ ഇങ്ങിനെ വിട്ടുനിൽക്കുമ്പോൾ പകരക്കാരെ ചുമതലപ്പെടുത്തണം. പ്രവിശ്യാ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയുടെ അനുമതിയോടെയാണ് പകരക്കാരെ ചുമതലപ്പെടുത്തേണ്ടത്. 
ഉമ്മുൽഖുറാ കലണ്ടർ അനുസരിച്ച് ബാങ്ക് വിളി സമയം കൃത്യമായി പാലിക്കണം. റമദാനിൽ പ്രത്യേകം നിർണയിച്ച സമയത്താണ് ഇശാ ബാങ്ക് കൊടുക്കേണ്ടത്. ഓരോ നമസ്‌കാരത്തിനും അംഗീകരിച്ച സമയം അനുസരിച്ചാണ് ബാങ്ക് വിളിക്കു ശേഷം നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കേണ്ടത്. തറാവീഹ് നമസ്‌കാരത്തിൽ ആളുകളുടെ സാഹചര്യങ്ങൾ ഇമാമുമാർ പ്രത്യേകം പരിഗണിക്കണം. അവസാന പത്തിൽ തഹജ്ജുദ് (പാതിരാ) നമസ്‌കാരം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലക്ക് സുബ്ഹി ബാങ്കിന് പര്യാപ്തമായത്ര സമയം മുമ്പ് പൂർത്തിയാക്കണം. 
തറാവീഹ് നമസ്‌കാരത്തിലെ ഖുനൂത്ത് (പ്രത്യേക പ്രാർഥന) നിർവഹിക്കുന്നതിൽ പ്രവാചകമാതൃക പാലിക്കണം. പ്രാർഥന ദീർഘിപ്പിക്കാൻ പാടില്ല. സ്ഥിരീകരിക്കപ്പെട്ട പ്രാർഥനകളും പ്രധാന പ്രാർഥനകളും മാത്രമേ നിർവഹിക്കാവൂ. പ്രാർഥനകളിൽ നീട്ടലും മണിക്കലും പ്രാസവും ഒഴിവാക്കണം. റമദാനിൽ വിശ്വാസികൾക്ക് ഉപകാരപ്പെടുന്ന ചില കൃതികൾ മസ്ജിദുകളിൽ ഇമാമുമാർ വായിക്കണം. മസ്ജിദുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കണം. നമസ്‌കാര സമയത്ത് ഇമാമിനെയും വിശ്വാസികളെയും ചിത്രീകരിക്കാൻ ക്യാമറകൾ ഉപയോഗിക്കാൻ പാടില്ല. നമസ്‌കാരങ്ങൾ ഒരുതരം മാധ്യമങ്ങളിലൂടെയും സംപ്രേക്ഷണം ചെയ്യാനും പാടില്ല. 
അവസാന പത്തിൽ മസ്ജിദിൽ ഭജനമിരിക്കുന്നവരുടെ (ഇഅ്തികാഫ്) ഉത്തരവാദിത്തം ഇമാമിനാണ്. ഇഅ്തികാഫ് ഇരിക്കുന്നവരുടെ ഭാഗത്ത് നിയമ ലംഘനങ്ങളില്ലെന്ന് ഇമാമുമാർ ഉറപ്പുവരുത്തണം. ഇഅ്തികാഫ് ഇരിക്കുന്നവരുടെ പേരുവിവരങ്ങൾ ഇമാമിന് അറിഞ്ഞിരിക്കണം. വിദേശികൾ ഇഅ്തികാഫ് ഇരിക്കാൻ സ്‌പോൺസറുടെ അനുമതി തേടണമെന്നും നിർദേശമുണ്ട്. 
മറ്റു വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ കുട്ടികളെ മസ്ജിദുകളിലേക്ക് ഒപ്പം കൊണ്ടുവരരുതെന്ന് വിശ്വാസികളെ പ്രത്യേകം ഉണർത്തണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പുറപ്പെടുവിച്ച സർക്കുലർ പറഞ്ഞു. ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ നിരീക്ഷിച്ച് ഉറപ്പുവരുത്തുകയും മസ്ജിദുകളിൽ തങ്ങൾ നടത്തുന്ന പര്യടനങ്ങളെ കുറിച്ച പ്രതിദിന റിപ്പോർട്ടുകൾ മേലധികാരികൾക്ക് സമർപ്പിക്കണമെന്നും മസ്ജിദുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും നിയമ ലംഘനങ്ങൾ തൽക്ഷണം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
 

Latest News