പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു എന്നതാണ് ഈ വർഷവും സ്‌കൂൾ തുറന്നപ്പോൾ നടന്ന ഏറ്റവും പ്രധാന ചർച്ച. തീർച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. നിരവധി പൊതുവിദ്യാലയങ്ങൾക്ക് മികവിനായി കോടികൾ അനുവദിച്ചിട്ടുണ്ട്. അതും നല്ലത്. എന്നാൽ ഈ ചർച്ചകൾ സജീവമാകുകയും അർഹിക്കുന്നതിനേക്കാൾ പ്രാധാന്യവും സമയവും അതിനു ലഭിക്കുകയും ചെയ്യുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റനവധി വിഷയങ്ങൾ വിസ്മരിക്കപ്പെടുകയാണ്. അതിൽ പ്രധാനം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒപ്പം മറ്റനവധി പ്രശ്‌നങ്ങളുമുണ്ട്.
സംസ്ഥാനത്ത് ഇപ്പോഴുള്ള വിദ്യാർത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സ്‌കൂളുകളുടെ എണ്ണം കൂടുതലാണെന്നതാണ് വസ്തുത. ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഫലമായി കേരളത്തിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. കുട്ടികളുടെ എണ്ണം കൂടുതലുള്ള കാലത്ത് സ്ഥാപിച്ച സ്‌കൂളുകളെല്ലാം ഇന്നും നിലനിൽക്കണമെന്ന് ഗൃഹാതുരതയുടെ ഭാഷയിൽ സംസാരിക്കുന്നതിൽ എന്തർത്ഥം? അതുപോലെ പ്രത്യയശാസ്ത്രത്തിന്റെ പേരിലും. മാത്രമല്ല, അതിനിടയിൽ സി ബി എസ് ഇ സ്‌കൂളുകളുടെ എണ്ണവും എത്രയോ കൂടി. പൊതുവിദ്യാലയങ്ങളെ കുറിച്ച് വാചകമടിക്കുന്നവരിൽ മിക്കവരും സ്വന്തം കാര്യം വന്നാൽ അതെല്ലാം വിഴുങ്ങുന്നവരാണല്ലോ. പലയിടത്തും അന്യസംസ്ഥാന തൊഴിലാളികളാണത്രേ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ ചേർക്കുന്നത്. ഇതെല്ലാം കണ്ടുകൊണ്ടാവണം ഇക്കാര്യത്തിൽ ഇടപെടേണ്ടത്. അതേസമയം പല പിന്നോക്ക മേഖലകളിലും ആദിവാസി മേഖലകളിലുമൊക്കെ ആവശ്യത്തിന് ഇപ്പോഴും സ്‌കൂളുകളില്ല. അവിടെ സ്‌കൂളുകൾ ആരംഭിക്കുന്നതിനു പകരം ധാരാളം സ്‌കൂളുകളുള്ളതും കുട്ടികൾ ഇല്ലാത്തതുമായ നഗരപ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് മികവിനായി കോടികൾ നൽകുന്നതിൽ എന്തർത്ഥമാണുള്ളത്? ഒരുദാഹരണം പറയാം. തൃശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന മോഡൽ ബോയ്‌സ് ഗവണ്മെന്റ് സ്‌കൂൾ ഒരു കാലത്ത് മികവിന്റെ കാര്യത്തിൽ സംസ്ഥാനത്തു ഒന്നാം നിരയിലായിരുന്നു. 50 വർഷം മുമ്പു പോലും അഞ്ചാം ക്ലാസിലേക്കും എട്ടാം ക്ലാസിലേക്കും എൻട്രൻസ് പരീക്ഷ നടത്തിയായിരുന്നു കുട്ടികളെ ചേർത്തിയിരുന്നത്. അന്നു തന്നെ ഇംഗ്ലീഷ് മീഡിയവും ഇവിടെയുണ്ടായിരുന്നു. എന്നാൽ കാലെകാലെയുണ്ടായ മാറ്റങ്ങൾ ഇവിടേയും വന്നു. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ മത്സരിക്കുമ്പോൾ മിക്കവാറും പരാജയപ്പെടുന്നത് സ്വന്തം തൊഴിലിനോട് ഉത്തരവാദിത്തം കാണിക്കാത്ത, ഔട്ട് പുട്ട് പരിശോധിക്കാൻ സംവിധാനമില്ലാത്ത സർക്കാർ സ്ഥാപനങ്ങളാണല്ലോ. അതു തന്നെ ഇവിടേയും സംഭവിച്ചു. ഇന്ന് ഓരോ ക്ലാസിലും ഓരോ ഡിവിഷനുള്ള കുട്ടികളില്ല. മിക്ക ക്ലാസ് റൂമുകളും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളാണ്. ഭാവിയിൽ കുട്ടികൾ നിറയാനുള്ള സാധ്യതയും കുറവ്. തൃശൂർ നഗരത്തിൽ പൊതുവിദ്യാലയങ്ങൾക്ക് ഒരു കുറവുമില്ല. എന്നിട്ടും ഈ സ്‌കൂളിനും അനുവദിച്ചിരിക്കുന്നു എത്രയോ കോടി. ജില്ലയിലെ ചില ആദിവാസി മേഖലകളിൽ എട്ടാം ക്ലാസിൽ പഠിക്കാൻ പതിനഞ്ചോളം കിലോമീറ്റർ പോകേണ്ടിവരുന്ന അവസ്ഥ നിലനിൽക്കുമ്പോഴാണ് അതിനേക്കാൾ പ്രാധാന്യം ഈ സ്‌കൂളിനു നൽകുന്നത്. തീർച്ചയായും മുൻഗണനാ വിഷയത്തിൽ മാറ്റും വരുത്തേണ്ടിയിരിക്കുന്നു.
എന്തായാലും സ്വകാര്യ വിദ്യാലയങ്ങളോട് മത്സരിച്ച് പരാജയപ്പെട്ടതുകൊണ്ടു മാത്രമാണല്ലോ പൊതുവിദ്യാലയങ്ങൾ നന്നാകാൻ തീരുമാനിച്ചത്. അതിനാൽ തന്നെ സ്വകാര്യ വിദ്യാലയങ്ങളും നിലനിൽക്കട്ടെ. അല്ലെങ്കിൽ പൊതുവിദ്യാലയങ്ങൾ ഇനിയും ജീർണ്ണിക്കുക മാത്രമേയുള്ളൂ. വിദ്യാഭ്യാസ കച്ചവടക്കാർ ബലമായൊന്നും കുട്ടികളെ പിടിച്ചു കൊണ്ടുപോയതല്ലല്ലോ. രാഷ്ട്രീയ നേതാക്കളുടേയും അധ്യാപകരുടേയും എഴുത്തുകാരുടേയുമൊക്കെ മക്കൾ പോലും അവിടങ്ങളിൽ എത്തിയതെങ്ങനെയാണ്? പൊതുവിദ്യാലയങ്ങൾ മോശമാണെന്ന തോന്നൽ. അതിനാൽ തന്നെ രണ്ടു മേഖലകളുമായുള്ള മത്സരം ഇനിയും തടരട്ടെ.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്താൻ ചെയ്യേണ്ട മറ്റനവധി വിഷയങ്ങളുണ്ട്. വിദ്യാർഥിയുടെ സമഗ്ര വ്യക്തിത്വ വികാസം വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാകണം. ഭാഷ, ശാസ്ത്രം, കല, പ്രവൃത്തി പഠനം, ആരോഗ്യ, കായികപഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനിക മേഖലകളെല്ലാം പാഠ്യവിഷയമാകണം. ആധുനികകാല സമസ്യകളെ നേരിടാൻ കുട്ടികളെ കരുത്തുള്ളവരാക്കണം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന വിഷയങ്ങളെല്ലാം അവർക്ക് പറഞ്ഞുകൊടുക്കാനാകണം. ഉദാഹരണമായി ട്രാഫിക് ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണം, ലിംഗ നീതി, സാമൂഹ്യ നീതി തുടങ്ങിയവയെല്ലാം പാഠ്യവിഷയമാക്കണം. ഒപ്പം ഒരു തൊഴിലിലെങ്കിലും വൈദഗ്ധ്യവും ഉണ്ടാക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക സ്‌കൂളുകൾ എന്ന സ്ഥിതി 100 ശതമാനവും നിർത്തലാക്കണം. മാതൃഭാഷ പഠിക്കണം എന്നതു ശരി തന്നെ. എന്നാൽ ലോകം വിരൽത്തുമ്പിലേക്കു ചുരുങ്ങുന്ന ഇക്കാലത്ത് അധ്യയന മാധ്യമം മലയാളമാക്കണമെന്ന വാദത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇതിനേക്കാളുപരിയായി അധ്യാപകർ കാലത്തിനനുസരിച്ച് മാറുന്നുണ്ടോ എന്നു പരിശോധിക്കണം. ആഴ്ചയിൽ രണ്ടുദിവസം അവധിയും ഒരുപാട് പിരിഡുകൾ ഫ്രീയും കൊല്ലം രണ്ടുമാസം അവധിയുമൊക്കെ അവർക്ക നൽകുന്നത് എല്ലാ വിഷയങ്ങളിലും അപ്‌ഡേറ്റ് ആകാനാണ്. അതു ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കണം. വിദ്യാർത്ഥികൾക്ക് അധ്യാപകർ മാർക്കിടുന്ന പോലെ അധ്യാപകർക്ക് വിദ്യാർത്ഥികൾ മാർക്കിടുന്ന സംവിധാനവും വേണം.
വാസ്തവത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും പ്രധാന പ്രശ്‌നം ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയാണ്. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമായ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമോ സർവകലാശാലയോ നമുക്കില്ല. നമ്മുടെ മികച്ച വിദ്യാർത്ഥികളെല്ലാം ഉന്നത പഠനത്തിന് മറ്റു സംസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണ്. ആധുനികവും കാലാനുസൃതവുമായ കോഴ്‌സുകളും തൊഴിലധിഷ്ഠിത സ്ഥാപനങ്ങളും കേരളത്തിൽ വളരെ കുറവാണ്.
ഇടക്കാലത്ത് ശക്തമായ മെഡിക്കൽ - എഞ്ചിനീയറിംഗ് ജ്വരം പ്രശ്നങ്ങളെ കൂടുതൽ മോശമാക്കി. പൊതുമേഖലയെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചുമെല്ലാം വാചാലമാകുന്നവരുടെ നാട്ടിൽ വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടുകയും മ്ലേഛമായ രീതിയിൽ സ്വകതാര്യവൽക്കരിക്കപ്പെടുകയും ചെയ്തു. കേരളത്തിനു ശാപമായ കക്ഷി രാഷ്ട്രീയവൽക്കരണം വിദ്യാഭ്യാസ മേഖലേയയും നശിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമുയർത്താൻ നിരവധി പ്രഖ്യാപനങ്ങൾ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രി നടത്തിയിരുന്നു. എന്നാൽ കാര്യമായ ഒന്നും നടപ്പായിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ എന്നു തോന്നുന്നു. ഇപ്പോൾ അതിനേക്കാൾ പ്രാധാന്യം ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ്. അതിനാൽ തന്നെ അവിടേക്കും സർക്കാരിന്റെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നു.