ജിദ്ദ-റിയാദ്, മക്ക, മദീന, നജ്‌റാൻ, ജിസാൻ, അസീർ, അൽബാഹ അൽ ഖസീം, ഹായിൽ എന്നിവടങ്ങളിൽ ഇന്ന് കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. കിഴക്കൻ മേഖലയിലെ ദക്ഷിണഭാഗത്ത് ചൂട് കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മക്ക 35, മദീന 33, റിയാദ് 31, ദമാം 30,ജിദ്ദ 34, അബഹ 22 എന്നിങ്ങനെയാണ് ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ ചൂട്.
ചെറിയ ഇടവേളക്ക് ശേഷം ജിദ്ദയിൽ വെള്ളിയാഴ്ച വീണ്ടും മഴ പെയ്തിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. കഴിഞ്ഞ മാസം പെയ്ത മഴയുടെ അത്രയും ശക്തമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. കഴിഞ്ഞ മാസമാണ് ജിദ്ദയിൽ കാര്യമായ മഴ ലഭിച്ചത്. മഴ ഫെബ്രുവരി അവസാനത്തോടെ തീരുമെന്നും ജിദ്ദ അടക്കമുള്ള പ്രദേശങ്ങൾ ഉഷ്ണ കാലാവസ്ഥയിലേക്ക് മാറുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മക്കയിലും വെള്ളിയാഴ്ച മഴ പെയ്തു. മക്ക-ജിദ്ദ ഹൈവേയിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് ഇതുവഴി യാത്ര ചെയ്തവർ മലയാളം ന്യൂസിനോട് പറഞ്ഞു. ജിദ്ദയിലെ വിവിധ ജില്ലകളിലും സാമാന്യം നല്ല മഴ ലഭിച്ചു.