- ഇനി ശ്രദ്ധ സെമി ഫൈനലെന്ന് ബെംഗ്ലൂർ കോച്ച് സൈമൺ ഗ്രേയ്സൺ
ബെംഗളൂരൂ - കേരള ബ്ലാസ്റ്റേഴ്സിന് എതിരായ ഐ.എസ്.എൽ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്.സിയുടെ നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതികരിച്ച് ബെംഗ്ലൂർ എഫ്.സി കോച്ച് സൈമൺ ഗ്രേയ്സൺ രംഗത്ത്.
വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും കളംവിട്ടത് തന്റെ നാലു പതിറ്റാണ്ടുകാലത്തെ കരിയറിൽ മുമ്പെങ്ങും കണ്ടിട്ടില്ലെന്നും ജയം ബെംഗ്ലൂർ അർഹിച്ചതാണെങ്കിലും സെമിഫൈനൽ ബെർത്ത് ഞങ്ങൾ ഇങ്ങനെയായിരുന്നില്ല ആഗ്രഹിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾ ഇങ്ങനെയായിരുന്നില്ല സെമി ഫൈനലിൽ പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നത്. മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ഞങ്ങൾക്ക് ഫ്രീകിക്ക് ലഭിച്ചു. സുനിൽ ഛേത്രി പറഞ്ഞു: ഞങ്ങൾക്ക് പ്രതിരോധക്കോട്ട ആവശ്യമില്ല. പത്തു വാരയുടെ നിയന്ത്രണവും ആവശ്യമില്ല. റഫറി അതിന് സമ്മതം മൂളി. അഡ്രിയാൺ ലൂണ തടയാൻ വരുന്നതിനായി ഛേത്രി കാത്തുനിന്നു. അതിന് ശേഷം പന്ത് വലയിലാക്കി. ഞങ്ങൾ തന്നെയാണ് വിജയം അർഹിച്ചിരുന്നത്. ആദ്യപകുതിയിൽ ഉത്സാഹത്തോടെ കളിച്ച് നിരവധി അവസരങ്ങളൊരുക്കി. ബ്ലാസ്റ്റേഴ്സിനെ കുറഞ്ഞ അവസരങ്ങളിൽ പ്രതിരോധത്തിലാക്കി. ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരങ്ങളെയെല്ലാം പിടിച്ചുകെട്ടാനുമായി. മത്സരമാകെ നോക്കിയാൽ വിജയം ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. തുടർച്ചയായ ഒമ്പതാം ജയത്തിൽ അതീവ സന്തോഷമുണ്ട്. വിവാദങ്ങളിലല്ല, മുംബൈ സിറ്റിക്കെതിരായ സെമി ഫൈനൽ മത്സരത്തിലാണ് ഇനി ശ്രദ്ധയെന്നും ബെംഗളൂരു കോച്ച് പ്രതികരിച്ചു.