മീർ അലിയുടെ ഒരു പ്രസ്താവത്തെപ്പറ്റി കഴിഞ്ഞ ആഴ്ച ഞാൻ ഭട്ടതിരിക്ക് ഒരു കുറിമാനം അയച്ചു. ജഹാംഗീറിന്റെ കൊട്ടാരത്തിൽ കയ്യെഴുത്തുകാരനായിരുന്നു മീർ അലി. ഭട്ടതിരി ആര്, ഏത് എന്നൊന്നും ചോദിക്കണ്ട. ഭട്ടതിരി ഒന്നേയുള്ളൂ: മലയാളം അക്ഷരം കൊണ്ട് നിരന്തരം കളിക്കുകയും കല വിരിയിക്കുകയും ചെയ്യുന്ന അതേ നാരായണ ഭട്ടതിരി തന്നെ. മുടിയും താടിയും അക്ഷരമായി നിലനിർത്തുന്ന കുറിയ ആൾ.
തന്റേടം തികഞ്ഞ കയ്യെഴുത്തുകാരനായിരുന്നു മീർ അലി. ഒരിക്കൽ മീർ അലി ഒട്ടും ശങ്കയില്ലാതെ പറഞ്ഞു: 'എന്റെ പേന വിസ്മയം വാർക്കും.' പ്രസ്താവം അവിടെ നിന്നില്ല. ആ വിസ്മയത്തിന്റെ അകവും പുറവും അദ്ദേഹം പിന്നെയും മൂന്നാലു വാക്യങ്ങളിൽ വിവരിച്ചു.
'എന്റെ എഴുത്തിന്റെ സ്വരൂപം അതിന്റെ അർത്ഥത്തേക്കാൾ മികവു കാട്ടും, ന്യായമായും. എന്റെ അക്ഷരങ്ങളുടെ വളവും പിരിവും കാൺകേ സ്വർഗം തല കുനിക്കും. എന്റെ വരകളുടെയും കുറികളുടെയും മൂല്യം നിത്യതയാകുന്നു.'
അസാമാന്യമായ ആത്മവിശ്വാസവും പ്രാപ്തിയും ഉള്ളവർക്കേ മീർ അലിയുടെ ഈണത്തിൽ സംസാരിക്കാൻ പറ്റൂ. അൽപം കടന്നുപോയ ആത്മപ്രശംസയാണെന്നു തോന്നാമെങ്കിലും ഏഷ്യയിൽ പലയിടത്തും കയ്യെഴുത്തുകാരന് കിട്ടിയിരുന്ന ബഹുമതിയുടെ സൂചനയും അതിൽ കാണാം. കയ്യെഴുത്ത് വെറും വരയും കുറിയുമായിരുന്നില്ല; ആത്മാവിഷ്‌കാരം തന്നെയായിരുന്നു. സൗന്ദര്യ സ്രഷ്ടാക്കളിൽ ഉയർന്ന സ്ഥാനം തന്നെ കയ്യെഴുത്തുകാരനു കിട്ടിപ്പോന്നു, വിശേഷിച്ചും പേർഷ്യൻഅറബി ലിപി പ്രചാരത്തിലിരുന്ന പ്രദേശങ്ങളിൽ.
തന്റെ ഇടം വരഞ്ഞിട്ടു പ്രവർത്തിക്കുന്ന ആളാണ് ഭട്ടതിരിയെങ്കിലും മീർ അലിയുടെ പദവിയും പണവും അദ്ദേഹത്തിനു കൈവന്നില്ല. തന്റെ അക്ഷരത്തിന്റെ വടിവ് അതിന്റെ അർഥത്തേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടാനുള്ള ഊറ്റവും അദ്ദേഹത്തിനില്ല. അക്ഷരങ്ങളുടെ ആകൃതിയിൽ വൈവിധ്യവും സൗന്ദര്യവും പുലർത്താൻ മലയാളി അത്ര തന്നെ ശ്രദ്ധുക്കാത്തതുകൊണ്ടാകാം, അച്ച് നിരത്തുന്ന ആൾക്ക് എഴുത്തുകാരന്റെ മാന്യത ഒരിക്കലും കിട്ടിയിരുന്നില്ല.
മീർ അലി പറഞ്ഞതു പോലെ, അക്ഷരത്തിന്റെ രൂപത്തിന് അർഥത്തേക്കാൾ മികവ് കൈവരുത്താൻ ഭട്ടതിരിക്ക് കഴിയുന്നു. ആ എന്നെഴുതിയാൽ ആനയെ എഴുന്നള്ളിക്കാനും അം എന്നു കുറിച്ചാൽ എല്ലാം ഉള്ളിൽ ഒതുക്കാനും കഴിയും. ദീർഘമായാൽ ചക്രവാളത്തിനപ്പുറത്തേക്കു നീളുന്നതായി തോന്നും. ഭാവത്തെ രൂപം ഉണർത്തുന്നു എന്ന സത്യം ഭട്ടതിരി വെളിപ്പെടുത്തുന്നു, ഓരോ വരയിലും, ഓരോ കുറിയിലും. മലയാളം അക്ഷരങ്ങളെക്കൊണ്ടായിരുന്നു ഇതുവരെ പരീക്ഷണവും നിരീക്ഷണവും. ചൈനയിലേക്ക് മലയാളം പറിച്ചു നട്ടാലോ എന്നാണ് ഇപ്പോഴത്തെ ആലോചന.
ഇന്ത്യയുടെ ഈണം ചൈനീസ് ഭാഷയിൽ പകർത്താൻ ഒരു ബീജിംഗ് സ്ഥാപനം മുന്നിട്ടിറങ്ങിയപ്പോൾ, അവർക്ക് ആദ്യം മനസ്സിൽ ഉദിച്ചത് രബീന്ദ്രനാഥ ടാഗോർ ആയിരുന്നു. ഭാരതത്തിന്റെ സാഹിത്യ ശോഭ ആദ്യം തെളിയുന്നത് ഗീതാഞ്ജലിയിലൂടെയാണല്ലോ. ഒരു പക്ഷേ ബംഗാളിനേക്കാൾ, അതിനൊപ്പമെങ്കിലും, ചൈനയുമായി ചരിത്രപരമായ ചാർച്ച ഉള്ളതാണല്ലോ കേരളം. ഭരണിക്കും ചൈനീസ് വലയ്ക്കും കമ്യൂണിസത്തിനുമപ്പുറം നീളുന്നു ആ ബന്ധം. അത് ചൈനയുടെ ചിത്രലിപിയിൽ പകർത്താൻ തെരഞ്ഞെടുത്തിരിക്കുന്നത് ഭട്ടതിരിയെത്തന്നെ. മലയാളത്തിന്റെ ചേതന ആവാഹിക്കുന്ന ഏത് അക്ഷര ജാലം മലയാളത്തിൽനിന്ന് അവതരിപ്പിക്കാം? 'പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല ചായ്ച്ചും സ്വഛാബ്ധി മണൽത്തിട്ടാം പാദോപധാനം പൂണ്ടും പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു കൊള്ളുന്നൂ കുമാരിയും ഗോകർണേശനുമമ്മേ' എന്ന വള്ളത്തോൾ വാങ്മയത്തോളം കാഴ്ചപ്പൊലിമ വേറെ അധികം കാണില്ല.
അമ്പത്തൊന്നക്ഷരാളിയെ അത്ര തന്നെ വൈവിധ്യത്തോടെ വളച്ചുകെട്ടി കാഴ്ച വെക്കാൻ മലയാള കല മുതിർന്നിട്ടില്ലെന്ന് നേരത്തേ പറഞ്ഞുവല്ലോ. കല്ലച്ചിലും മറ്റും കത്തനാർമാർ മലയാളം ലിപി കൊത്തിയുണ്ടാക്കിയതിലേറെയൊന്നും ഭാവ ഗരിമ പിന്നീട് ഉണ്ടായിട്ടില്ല. അച്ച് നിരത്താനും വാർക്കാനും യന്ത്രവും തന്ത്രവും വന്നിട്ടും പനയോലയിലെയും ആധാരത്തിലെയും വടിവു തന്നെ നമുക്ക് മാതൃകയായി നിന്നു. തമ്മിൽത്തമ്മിൽ കെട്ടിപ്പിടിച്ചുകിടക്കുന്ന ഉരുണ്ട അക്ഷരങ്ങളിൽ മലയാളം കൃതാർഥമായി. വലിപ്പത്തിൽ നമുക്ക് വെണ്ടക്ക നിരത്താൻ പറ്റി. അതായിരുന്നു മിക്കപ്പോഴും കൗതുകവും. പക്ഷേ അതേ ആവേശം ഒന്നിലേറെ ഭാവതലങ്ങളുള്ള അക്ഷര രൂപം ഒരുക്കുന്നതിൽ കണ്ടില്ല.
വടിവൊത്ത ആംഗല ലിപി ചെറുതും വലുതുമായ അക്ഷരങ്ങളിൽ കോറിയിടാൻ എന്നെ അഭ്യസിപ്പിച്ചത് ഐപ്പുണ്ണീ മാഷ് ആയിരുന്നു. കറുത്ത ബോർഡിലായാലും വെളുത്ത കടലാസിലായാലും, വരയിട്ട താളിലായാലും എല്ലാം എഴുത്തുകാരന്റെ ഇഷ്ടത്തിനു വിടുന്ന ശുദ്ധ ശൂന്യതയിലായാലും, ഐപ്പുണ്ണീ മാഷിന്റെ ഇംഗ്ലീഷ് അക്ഷരങ്ങൾ തത്തിക്കളിച്ചു. ഇംഗ്ലീഷിൽ അറിവിന്റെ ഭാരമൊന്നും പേറാനില്ലാത്ത ഐപ്പുണ്ണീ മാഷ് ശീലിപ്പിച്ച വരകളും വളവുകളും ആയി ഈ ഇനത്തിൽ എന്റെ പൈതൃകം. എന്റെ അക്ഷരത്തിന് മൽസരത്തിൽ മികച്ച സ്ഥാനം കിട്ടിയപ്പോൾ മീർ അലിയേക്കാൾ കൂടുതൽ അഹങ്കാരം തോന്നി.
ദേവനാഗരിയിലും വലത്തുനിന്ന് ഇടത്തോട്ടൊഴുകുന്ന അക്ഷരപ്പുഴയിലും ഞാൻ ഒട്ടൊക്കെ കൃതഹസ്തനായിരുന്നു. പേന ഉപയോഗിച്ച് എഴുതുന്ന കാലത്ത്, ടൈപ് റൈറ്ററിലെയോ ലാപ് ടോപ്പിലെയോ കീ ബോർഡ് വഴങ്ങിത്തുടങ്ങുന്നതുവരെ, കയ്യെഴുത്തായിരുന്നു ഹരം. വളഞ്ഞും പിരിഞ്ഞും എടുത്തു ചാടിയും നമസ്‌കരിച്ചും കടന്നു വരുന്ന കയ്യക്ഷരത്തിന് കൂടെക്കൂടെ വടിവുണ്ടായി. പത്തു ദിവസം കൊണ്ട് പഠിച്ചുണ്ടാക്കിയ അലിഫ് ബ പ തുടങ്ങിയ ഉർദു അക്ഷരമാല എന്റെ കയ്യിൽ കുളിരിടുന്നതു കണ്ട് എന്നെ പഠിപ്പിച്ച സാക്കിർ സാഹിബ് ചരിതാർഥനായെന്നു തോന്നുന്നു.
കീ ബോർഡ് ചലിപ്പിച്ചു ശീലിച്ചതുകൊണ്ടോ കാലം അനിവാര്യമായി കടത്തിക്കൊണ്ടുവരുന്ന വൈരസ്യം കൊണ്ടോ കയ്യെഴുത്ത് വഴങ്ങാതായി, വേണ്ടെന്നായി. ഒരു സംസ്‌കൃതിയുടെ മാനദണ്ഡമെന്നും ആത്മാവിഷ്‌കാരത്തിന്റെ ആഹ്ലാദമെന്നും പ്രൊഫസർ മുജീബ് വിശേഷിപ്പിക്കുന്ന 'എഴുതിയ അക്ഷര'ത്തിൽനിന്ന് ഞാൻ, ഒരു പക്ഷേ എന്റെ തലമുറ, അകന്നു.
വേദാന്തത്തിൽ ചിരി കണ്ടെത്തിയ ക്രിസോസ്റ്റം തിരുമേനിയെ കോഴഞ്ചേരിയിൽ അദ്ദേഹത്തിന്റെ അരമനയിൽ കാണാൻ പോയതോർക്കുന്നു. ഓരോ തിരിവിലും ചിരിക്കുകയും രസിക്കുകയും ചെയ്തുപോന്ന തിരുമേനി, പിരിയുന്നേരം, മേൽ വിലാസം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ബാൾ പോയന്റ് പേന എഴുത്താണി പോലെ താങ്ങിപ്പിടിച്ച് വരക്കാൻ തുടങ്ങിയപ്പോൾ, ഭാര്യ പറഞ്ഞു: 'മനുഷ്യർക്ക് വായിക്കാൻ പാകത്തിൽ എഴുതണം.' അതൊരു പല്ലവി ആയിരുന്നു. അതു കേട്ട് തിരുമേനി വീണ്ടും പൊട്ടിച്ചിരിച്ചു. 'ഇതു പോലെ വേണം ദമ്പതികൾ. പരസ്പരം തിരുത്തണം.' തിരുത്താനും തിരുത്തുമ്പോഴും ഉണ്ടാകുന്ന സ്വാതന്ത്ര്യമാണല്ലോ സന്തോഷം.
പക്ഷേ എന്റെ ഉള്ളിൽ എന്തോ മങ്ങിക്കിടന്നു. എന്റെ അക്ഷരത്തിന്റെ വടിവ് പോയല്ലോ. കയ്യക്ഷരത്തിന്റെ വടിവിൽ മനസ്സിന്റെ സമാധാനം കണ്ടെത്താമെന്നൊരു അഭിപ്രായം മസ്തിഷ്‌ക വിദഗ്ധനായ ഒലിവർ സാക്‌സ് എവിടെയോ എഴുതിയതായി ഓർക്കുന്നു. നേരേ ചൊവ്വേ എഴുതാൻ പറ്റാത്തത് ഒരു തരം രോഗം തന്നെ, അല്ലെങ്കിൽ വളരുന്ന രോഗലക്ഷണം. ആ തിയറി കണ്ണടച്ച് വിശ്വസിച്ചാൽ, മിക്ക ഡോക്ടർമാരേയും രോഗികളായി കൂട്ടേണ്ടി വരും. അവർ എഴുതിവിടുന്ന കുറിപ്പടികൾ ആർക്കും വായിച്ചെടുക്കാൻ പറ്റരുതെന്നൊരു നിബന്ധന ഹിപ്പോക്രറ്റിക് സത്യപ്രതിജ്ഞയോടൊപ്പം ഏറ്റുവങ്ങുന്നുണ്ടായിരിക്കും. കയ്യക്ഷരം ഒഴിവാക്കി കംപ്യൂട്ടർ കുറിമാനം പരക്കേ നിലവിൽ വരുമ്പോൾ ആരായിരിക്കും ഏറെ സന്തോഷിക്കുക? അവരുടെ അറിവിന്റെ നിഗൂഢത മാറിപ്പോകുന്നതിൽ ചിലരെങ്കിലും പരിതപിച്ചെന്നും വരാം.
എത്രയോ കൊല്ലം മുമ്പ്, കോപ്പി എഴുതി കയ്യക്ഷരം നന്നാക്കുന്ന പതിവുണ്ടായിരുന്നപ്പോൾ, ഒരച്ഛൻ ഒരു മകനെ ശാസിക്കുകയായിരുന്നു. ഡോക്ടർമാരെ വെല്ലുന്ന നിഗൂഢത പുലർത്തിക്കൊണ്ട് എന്തൊക്കെയോ കോറിയിട്ടിരുന്ന മകനെ നോക്കി അച്ഛൻ അരിശം കൊണ്ടു. എത്ര പണിതിട്ടും അവന്റെ അക്ഷരത്തിൽ വടിവ് വരുന്നില്ല. കാണാൻ കൊള്ളാവുന്ന അക്ഷരം പണിയാൻ കഴിയാത്ത അവൻ മന്ദബുദ്ധിയാകുമോ? അതായിരുന്നു പിതാവിന്റെ പരിദേവനം.
അക്ഷമനായ ഞാൻ പീഡിപ്പിക്കപ്പെടുന്ന മകന്റെ സഹായത്തിനെത്തി. കയ്യെഴുത്ത് കോക്രി കാട്ടിയാൽ സാരമില്ല. കോപ്പി എഴുതിയില്ലെങ്കിൽ പേടിക്കേണ്ട. കയ്യെഴുത്തിന്റെ ഭാരവും കടലാസും കൂടാതെ, അഴകുള്ള അക്ഷരം ചമക്കാൻ സാധിക്കുന്ന കാലം വരും എന്നായിരുന്നു എന്റെ പ്രവചനം. അതിത്ര വേഗം ഫലിക്കുമെന്നു കരുതിയില്ല. കയ്യെഴുത്തില്ലാത്ത കാലത്ത് പുതിയൊരു ഭാവുകത്വം രൂപപ്പെടുമായിരിക്കും.