മട്ടന്നൂര്‍-ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ കമ്പനി തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണ്‍ മാസമാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പിയ്ക്കെതിരായ ആരോപണം. ഇതിന് പിന്നാലെ താന്‍ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജനും അറിയിക്കുകയായിരുന്നു.
അതേസമയം വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.
ജാഥയുടെ കണ്ണൂരിലെ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് മുതല്‍ക്കാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ സഞ്ചരിക്കുന്നുണ്ടെന്നും പരിപാടികല്‍ പങ്കെടുക്കുന്നുണ്ടെന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്. ഇപ്പോഴും യാത്രയിലാണ്. ജാഥയില്‍ താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും വിവാദവും പ്രസക്തിയുള്ളതല്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.