Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് സി.പി. ജലീലിന്റെ മരണം:  കുടുംബാംഗങ്ങള്‍ പ്രത്യക്ഷ സമരത്തിന് 

സി.പി. ജലീല്‍ വെടിയേറ്റുമരിച്ച നിലയില്‍(ഫയല്‍)

കല്‍പറ്റ-വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ മാവോയിസ്റ്റ്  സി.പി. ജലീല്‍ പോലീസ് വെടിവെപ്പില്‍ മരിച്ചതിന്റെ നാലാം വാര്‍ഷികം തിങ്കളാഴ്ച. 2019 മാര്‍ച്ച് ആറിനു ആറിനു രാത്രിയിലായിരുന്നു റിസോര്‍ട്ട് വളപ്പില്‍ മാവോവാദി സി.പി.ജലീലിന്റെ(40)മരണത്തിനിടയാക്കിയ വെടിവെപ്പ്.
മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീല്‍. വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനാഫലം പരിശോധിക്കാതെ തയാറാക്കിയ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി.പി.റഷീദ്  ഒരു വര്‍ഷം മുമ്പ് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ കേസും തീര്‍പ്പായില്ല. കേസില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം ജില്ലാ കലക്ടര്‍ ഇതുവരെ നല്‍കിയില്ല. ഈ സാഹചര്യത്തില്‍  നീതി തേടി പ്രത്യക്ഷ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജലീലിന്റെ കുടുംബാംഗങ്ങളും ഒരുകൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരും. കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യാനാണ് തീരുമാനമെന്ന് സി.പി.റഷീദ് പറഞ്ഞു.
കവക്ടറേറ്റ് പടിക്കല്‍ സമരം മാവോയിസ്റ്റുകള്‍ നിറയൊഴിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം നടത്തിയ പ്രത്യാക്രമണത്തില്‍  ജലീല്‍ മരിച്ചുവെന്നാണ് പോലീസ് വാദം. എന്നാല്‍ ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പറയുന്ന തോക്കില്‍നിന്നു നിറയൊഴിഞ്ഞിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. ജലീലിന്റെ വലതുകൈയില്‍നിന്നു ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അംശം ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.
2019 മാര്‍ച്ച് 11നു സര്‍ക്കാര്‍ ഉത്തരവായതനുസരിച്ചാണ് ജലീലിന്റെ മരണത്തില്‍  മജിസ്റ്റീരിയില്‍ അന്വേഷണം നടന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറിനായിരുന്നു അന്വേഷണച്ചുമതല. ഫോറന്‍സിക് പരിശോധനാഫലം പരിശോധിക്കാതെയാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് വാദം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്.
റിസോര്‍ട്ട് വളപ്പില്‍ പോലീസ് മാവോവാദികള്‍ക്കു നേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നാണ് അന്നത്തെ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍  ജലീലിനെ പോലീസ്  ആസൂത്രിതമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന നിലപാടിലാണ് മാവോവാദികളും ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും. റിസോര്‍ട്ട് ഉടമയും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വെടിവെപ്പന്നും  ആവര്‍ ആരോപിക്കുന്നുണ്ട്.  
2019 മാര്‍ച്ച് ആറിന് രാത്രി 7.45 ഓടെയാണ് ജലീലും മറ്റൊരാളും റിസോര്‍ട്ടില്‍ എത്തിയത്. ഇവര്‍ ജീവനക്കാരോടു ഭക്ഷണവും പണവും ആവശ്യപ്പെട്ടു. ഈ വിവരം റിസോര്‍ട്ട് മാനേജ്മെന്റില്‍പ്പെട്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും ആന്റി നക്സല്‍ സ്‌ക്വാഡ് അംഗങ്ങളും  വൈത്തിരി സി.ഐയുടെ  നേതൃത്വത്തില്‍  റിസോര്‍ട്ടില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു വെടിവെപ്പ്. റിസോര്‍ട്ടിലെ  റിസപ്ഷന്‍ കൗണ്ടറിനു കുറച്ചുമാറി കൃത്രിമ പാറക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ്  പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഡോക്യുമെന്റേഷന്‍ വിദഗ്ധനെന്നു പോലീസ് പറയുന്ന ജലീലിന്റെ മൃതദേഹം ഉണ്ടായിരുന്നത്. പിറ്റേന്നു ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം കാണാന്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചത്. മൃതദേഹത്തിനു സമീപം നാടന്‍ തോക്കും സഞ്ചിയും ചിതറിയ നിലയില്‍ കറന്‍സിയും ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്.
ജലീലിനൊപ്പം റിസോര്‍ട്ടിലെത്തിയ മാവോവാദി സംഘാംഗത്തിനും വെടിയേറ്റതായി സൂചന ഉണ്ടായിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനും ആരെന്നു സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. റിസോര്‍ട്ട് വളപ്പില്‍നിന്നു തേയിലത്തോട്ടത്തിലൂടെ വനത്തിലേക്കുള്ള വഴിയില്‍  വഴിയില്‍ രക്തപ്പാടുകള്‍ കണ്ടതാണ് മറ്റൊരാള്‍ക്കുകൂടി വെടിയേറ്റുവെന്ന സൂചനയ്ക്ക് ആധാരം.
മാവോയിസ്റ്റ് തമിഴ്നാട് തേനി പുതുക്കോട്ട പെരിയകുളം വേല്‍മുരുകന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചതും വയനാട്ടിലാണ്. സി.പി.െഎ(മാവോയിസ്റ്റ്)കബനി ദളം മുന്‍ അംഗമായ വേല്‍മുരുകന്‍(31) 2020 നവംബര്‍ രണ്ടിന് രാവിലെ ഒമ്പതേകാലോടെയാണ്  പടിഞ്ഞാറത്തറ ബപ്പനം വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റുമരിച്ചത്. പെരിയകുളത്തെ സെന്തു-അണ്ണമ്മാള്‍ ദമ്പതികളുടെ മകനാണ് ഈ യുവാവ്. 2016നു ശേഷം സംസ്ഥാനത്തു പോലീസ് വെടിയേറ്റു മരിക്കുന്ന എട്ടാമത്തെയും വയനാട്ടില്‍ രണ്ടാമത്തെയും മാവോവാദിയാണ് വേല്‍മുരുകന്‍.
2014 ഡിസംബര്‍ ഏഴിനു വൈകുന്നേരം വടക്കേ വയനാട്ടിലെ കുഞ്ഞോം ചപ്പ കോളനിക്കു സമീപം വനത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘവും മാവോവാദികളും പരസ്പരം നിറയൊഴിച്ചിരുന്നു. ഈ സംഭവത്തില്‍ പരിക്കോ അറസ്റ്റോ ഉണ്ടായില്ല.

 

Latest News