Sorry, you need to enable JavaScript to visit this website.

എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് കാടത്തം- യൂത്ത് ലീഗ്

കോഴിക്കോട്- എടപ്പാളിൽ പീഡനം നടന്ന തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി കാടത്തമാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇത്തരം സംഭവങ്ങളുണ്ടായാൽ പുറത്തുപറയാൻ ആളുണ്ടാകരുത് എന്നാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഫിറോസ് പറഞ്ഞു. 
എടപ്പാളിലെ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്യുക വഴി എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകാൻ പോലീസ് ശ്രമിക്കുന്നത്? ആരുമറിയാതെ പോവുമായിരുന്ന പീഢന വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത് തിയേറ്റർ ഉടമയായിരുന്നില്ലേ? ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങൾ സഹിതം പോലീസിന് പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറാവാത്തതിനാലല്ലേ ഒടുവിൽ ഒരു ചാനലിന് ഈ ദൃശ്യങ്ങൾ കൈമാറേണ്ടി വന്നത്? അങ്ങിനെയല്ലേ ഗത്യന്തരമില്ലാതെ പോലീസിന് കേസെടുക്കേണ്ടി വന്നത്? ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ പരാതി പറയാൻ പോലും ആളുകളുണ്ടാവരുത് എന്നാണോ സർക്കാർ കൽപ്പിക്കുന്നത്? അതോ സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയവരെയൊന്നും വെറുതെ വിടില്ലെന്ന ഭീഷണിയാണോ? (കൊല്ലപ്പെട്ട വിദേശ വനിതയുടെ നീതിക്ക് വേണ്ടി രംഗത്തിറങ്ങിയ അശ്വതി ജ്വാലയുടെ അനുഭവം കേരളം മറന്നിട്ടില്ല)
ചെങ്ങന്നൂരിലെ വിജയം എന്ത് തോന്നിവാസവും ചെയ്യാനുള്ള ലൈസൻസല്ലെന്ന് പിണറായി സർക്കാർ ഓർത്താൽ നന്നാവും. ഒരു തെരഞ്ഞെടുപ്പിൽ അവസാനിച്ചു പോവുന്നതല്ല കേരളമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകി.
 

Latest News