Sorry, you need to enable JavaScript to visit this website.

തെക്കേപ്പുറത്തുകാര്‍ക്ക് ഇല്ലാതായത് ആറ് പതിറ്റാണ്ടിലേറെക്കാലമായുള്ള കല്യാണം വിളിയുടെ ഓര്‍മ്മകള്‍

കോഴിക്കോട് :  ഇച്ചാമന യാത്രയായതോടെ തെക്കേപ്പുറത്തുകാര്‍ക്ക് ഇല്ലാതായത് ആറ് പതിറ്റാണ്ടിലേറെക്കാലം അവര്‍ കണ്ടു വളര്‍ന്ന കല്യാണം വിളിയുടെ ഓര്‍മ്മകളാണ്. തെക്കേപ്പുറത്തിന്റെ അവസാനത്തെ കല്യാണം വിളിക്കാരിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ കൈതപ്പറമ്പ് ഇമ്പിച്ചാമിനബി എന്ന ഇച്ചാമന (92). പുതിയ തലമുറയക്ക് ഇച്ചാമനെയെ അത്രയ്ക്ക് പരിചയമില്ല. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവരില്‍ അവരെ അറിയാത്ത ആരുമുണ്ടാകില്ല. അത്രത്തോളം തവണ കുറ്റിച്ചിറ പ്രദേശം ഉള്‍പ്പെടെയുള്ള തെക്കേപ്പുറത്തിന്റെ  ഓരോ വീടുകളിലും കല്യാണം വിളിയുമായി അവര്‍ കയറിയിറങ്ങിയിട്ടുണ്ട്. കല്യാണം ആരുടേതുമായിക്കോട്ടെ ആളുകളെ  ക്ഷണിക്കാന്‍ ഇച്ചാമനയുണ്ടാകുമെന്നതായിരുന്നു പണ്ടത്തെ സ്ഥിതി. വിവാഹത്തിനുള്ള ക്ഷണങ്ങള്‍ ടെലിഫോണും കടന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വരെ എത്തി നില്‍ക്കുമ്പോഴും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ ഇച്ചാമന തന്നെയായിരുന്നു തെക്കേപ്പുത്തുകാരുടെ ' ഔദ്യോഗിക ' കല്യാണം വിളിക്കാരി. ആളുകളെ ക്ഷണിക്കേണ്ട ചുമതല അവരെ ഏല്‍പ്പിച്ചാലേ കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകൂവെന്ന തോന്നലായിരുന്നു പലര്‍ക്കും.  ഇച്ചാമന കല്യാണം വിളിക്കാനെത്തിയാല്‍ അത് വരന്റെയോ വധുവിന്റെയോ അടുത്ത ബന്ധു നേരിട്ടെത്തി വിളിച്ചതിന് തുല്യമാണ്. വിവാഹ ക്ഷണപത്രം അപൂര്‍വ്വമായിരുന്ന കാലത്ത് തുടങ്ങിയതാണ്  ഇച്ചാമനയുടെ നേരിട്ടെത്തിയുള്ള കല്യാണം വിളി. അത് ആറ് പതിറ്റാണ്ടിലേറെക്കാലം അവര്‍ നിലനിര്‍ത്തുകയും ചെയ്തു. വീടുകളില്‍ നേരിട്ടെത്തി കല്യാണം വിളിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കുന്ന രീതി പണ്ട് കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത്  തുടങ്ങിയതാണ് ഇച്ചാമനയുടെ വീടുകളില്‍ കയറിയിറങ്ങിയുള്ള കല്യാണം വിളി. വീടുകളിലെ സ്ത്രീകളെ കല്യാണത്തിന് ക്ഷണിക്കലായിരുന്നു ഇച്ചാമനയുടെ ജോലി. നേരത്തെ പറഞ്ഞുറപ്പിച്ച രീതിയിലുള്ള ഒരു നിശ്ചിത തുക ഇവര്‍ക്ക് ഇതിന് പ്രതിഫലമായി കല്യാണ പാര്‍ട്ടിക്കാര്‍ നല്‍കുകയും ചെയ്യും. കാലം ഏറെ പുരോഗമിച്ചതൊന്നും അവരെ അലട്ടിയതേയില്ല, സഞ്ചാരത്തിന് ശാരീരിക അവശതകള്‍ വിലക്കിടുന്നതുവരെ അവര്‍ ഈ പണി ചെയ്തുകൊണ്ടേയിരുന്നു.
കാച്ചി മുണ്ടും തട്ടവും അണിഞ്ഞ് നിറചിരിയോടെ എത്തുന്ന ഇച്ചാമനയെ സന്തോഷത്തോടെയാണ് വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ അക്കാലത്ത് സ്വീകരിച്ചിരുന്നത്. നാട്ടിലെ വിശേഷങ്ങള്‍ ഇച്ചാമനയിലൂടെ അവരിലെത്തും. കുറച്ച് നാട്ടു വര്‍ത്തമാനവും പറഞ്ഞ് എല്ലാവരെയും കല്യാണം വിളിച്ച് ഇച്ചാമന മടങ്ങും. ആരെയൊക്കെയാണ് കല്യാണം വിളിക്കേണ്ടതെന്നതിന്റെ ലിസ്റ്റ് കല്യാണ പാര്‍ട്ടിക്കാര്‍ ഇച്ചാമനയ്ക്ക് നല്‍കും. ഏതെങ്കിലും വിടുകളില്‍ ആളില്ലെങ്കില്‍ അവരെ നേരിട്ട് കാണുന്നത് വരെ ഇച്ചാമന ആ വീട്ടില്‍ കയറിയിങ്ങിക്കൊണ്ടിരിക്കും. മിക്കവാറും മുഴുവന്‍ വീടുകളിലും ഇവര്‍ക്ക് കല്യാണം ക്ഷണിക്കാനുണ്ടാകും. തെക്കേപ്പുറം പ്രദേശത്തിനപ്പുറത്തേക്കും ഇവരുടെ കല്യാണം വിളി നീളും. ഇപ്പോഴത്തെ ഈവന്റ് മാനേജ്‌മെന്റിന്റെ പഴയകാല രൂപമായിരുന്നു ഇച്ചാമന.
 

Latest News