അങ്കമാലി - വിനോദയാത്ര പോയി മാങ്കുളത്ത് മുങ്ങിമരിച്ച മൂന്നു വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനായിരങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
പ്രിയ വിദ്യാർത്ഥികളുടെ ചേതനയറ്റ ശരീരങ്ങൾ വിദ്യാലയ അങ്കണത്തിലേക്ക് എത്തിച്ചപ്പോൾ നിയന്ത്രണം വിട്ട് പൊട്ടി കരയുകയായിരുന്നു സ്‌കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ജിസ മരിയ.
വ്യാഴാഴ്ച രാവിലെ തന്റെ കൂടെ കളിച്ചുല്ലസിച്ച പ്രിയ കുട്ടികൾ ഇപ്പോൾ മൗനമായ് തങ്ങളോട് യാത്ര പറയാൻ നിശ്ചലമായി കിടക്കുന്ന ദൃശ്യം സിസ്റ്ററിന് സഹിക്കാൻ പറ്റുന്നതിനപ്പുറമായി.ഒരുമിച്ച് കളിച്ച് പഠിച്ച് വളർന്ന സഹപാഠികളുടെ മൃതദേഹം അക്ഷര മുറ്റത്ത് കണ്ടതോടെ നിയന്ത്രണം വിട്ട വിദ്യാർത്ഥികളെ ആശ്വസിപ്പിക്കാൻ മാതാപിതാക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടു.
രാഷ്ട്രീയ നേതാക്കളും മതപുരോഹിതരും മത മേലധ്യക്ഷന്മാരും ജനപ്രതിനിധികളും സ്‌കൂളിലെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. വിനോദയാത്രാ സംഘത്തിൽ പതിനേഴ് ആൺകുട്ടികളും പതിമൂന്ന് പെൺകുട്ടികളും മൂന്ന് അധ്യാപകരും അടങ്ങുന്ന മൂപ്പത്ത് മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
ഇവരിൽ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്നുപേർ കയത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. മരിച്ചവർ മൂന്നുപേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
ഇവർ ഒരു ക്ലാസിൽത്തന്നെയാണ് പഠിക്കുന്നത്. തുറവൂർ തലക്കോട്ടു പറമ്പ് കൂരൻ വർഗ്ഗീസിന്റെ മകൻ റിച്ചാർഡ് , കാലടി മാണിക്യാമംഗലം മിടുക്കാങ്കയിൽ വീട്ടിൽ ഷിബുവിന്റെ മകൻ അർജുൻ , അയ്യമ്പുഴ കോളാട്ടുകുടി ജോബിയുടെ മകൻ ജോയൽ (14) എന്നിവരാണ് മരണമടഞ്ഞത്. ജിൻസിയാണ് മരണമടഞ്ഞ റിച്ചാർഡിന്റെ മാതാവ്. റെയ്ചൽ മരിയയാണ് സഹോദരി. ജിസ്മിയാണ് ജോയലിന്റെ മാതാവ്. മരണമടഞ്ഞ അർജുന്റെ പിതാവ് ഷിബു ഒരു മാസം മുൻപ് പെയിന്റിങ് ജോലിയ്ക്കിടെ താഴെ വീണു മരിയ്ക്കുകയായിരുന്നു. ജിഷയാണ് മാതാവ്. അപർണ്ണയാണ് സഹോദരി .
മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ എട്ടു മുതൽ പത്ത് വരെ സ്‌കൂളിൽ പൊതു ദർശനത്തിനു വെച്ചതിനു ശേഷം അവരവരുടെ വീടുകളിൽ മൃതദേഹങ്ങൾ കൊണ്ടുപോയി. റിച്ചാർഡിന്റെ മൃതദേഹം മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിലും അർജുനന്റെ മൃതദേഹം മാണിക്യാമംഗലം എൻ.എസ്.എസ്. കരയോഗത്തിലും ജോയലിന്റെ മൃതദേഹം അയ്യമ്പുഴ സെന്റ് മേരീസ് പള്ളിയിലും സംസ്‌കരിച്ചു.