കൊച്ചി- എറണാകുളത്തെ ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ പ്രവർത്തകർ. ഇന്ന് വൈകിട്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ തള്ളി മാറ്റിയായിരുന്നു ആക്രമണം. ഓഫീസ് കോംപൗണ്ടിനകത്തും നിരവധി പ്രവർത്തകരുണ്ടായിരുന്നു. ഈ സ്ഥാപനം കേരളത്തിന് അപമാനം എന്ന് എഴുതിയ പോസ്റ്ററും പ്രവർത്തകരുടെ കൈവശമുണ്ടായിരുന്നു.
സംഭവത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതിഷേധിച്ചു. സംഭവം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രതിഷേധിച്ചു. കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ചാണ് ചാനലിനെതിരെ ആക്രമണം നടത്തിയത്. എന്നാൽ വാർത്തയിൽ പറഞ്ഞ കാര്യം സത്യമാണെന്ന് ഏഷ്യാനെറ്റ് വ്യക്തമാക്കി. ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിൽ പോലീസ് കേസെടുത്തു.