റിയാദ് - ബാങ്കുകൾക്കിടയിലെ അതിവേഗ പെയ്‌മെന്റ് സംവിധാനമായ സരീഅ് വഴി കഴിഞ്ഞ വർഷം ട്രാൻസ്ഫർ ചെയ്തത് 57.3 ട്രില്യൺ റിയാൽ. സരീഅ് വഴി ട്രാൻസ്ഫർ ചെയ്ത പണം കഴിഞ്ഞ കൊല്ലം 1.4 ശതമാനം തോതിൽ കുറഞ്ഞു. 797.5 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2021 ൽ സരീഅ് വഴി 58.11 ട്രില്യൺ റിയാൽ ട്രാൻസ്ഫർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം പ്രതിമാസം ശരാശരി 4.73 ട്രില്യൺ റിയാൽ തോതിലും പ്രതിദിനം 157.8 ബില്യൺ റിയാൽ തോതിലും മണിക്കൂറിൽ 6.6 ബില്യൺ റിയാൽ തോതിലും സരീഅ് വഴി ട്രാൻസ്ഫർ ചെയ്തതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി സമ്പദ്‌വ്യവസ്ഥയുടെ വ്യാപ്തിയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രതയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഫാസ്റ്റ് മണിട്രാൻസ്ഫർ സംവിധാനമായ സരീഇന്റെ ഭാഗമായി തൽക്ഷണ ഫണ്ട് ട്രാൻസ്ഫർ സേവനം 2021 ഫെബ്രുവരി 21 ന് ആരംഭിച്ചിരുന്നു. ആ വർഷം സേവനം വഴി 295 ബില്യൺ റിയാൽ ട്രാൻസ്ഫർ ചെയ്തു. സരീഅ് സംവിധാനം വഴി ട്രാൻസ്ഫർ ചെയ്ത പണത്തിന്റെ 0.9 ശതമാനം തൽക്ഷണ ട്രാൻസ്ഫർ ആയിരുന്നു. കഴിഞ്ഞ വർഷം സരീഅ് സംവിധാനം വഴി ട്രാൻസ്ഫർ ചെയ്ത പണത്തിൽ 77 ശതമാനം (44.21 ട്രില്യൺ റിയാൽ) ബാങ്കുകൾക്കിടയിലെ ഫണ്ട് ട്രാൻസ്ഫറും 19 ശതമാനം (10.7 ട്രില്യൺ റിയാൽ) ഉപയോക്താക്കളുടെ പെയ്‌മെന്റുകളും 0.9 ശതമാനം തൽക്ഷണ പെയ്‌മെന്റുകളും ആയിരുന്നു.
ബാങ്കുകൾക്കിടയിലെ പെയ്‌മെന്റ് കഴിഞ്ഞ വർഷം ഒമ്പതു ശതമാനം തോതിൽ കുറഞ്ഞു. 2021 ൽ ബാങ്കുകൾക്കിടയിലെ പെയ്‌മെന്റ് 48.5 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം സരീഅ് സംവിധാനം ഉപയോഗിച്ചുള്ള ഉപയോക്താക്കളുടെ പെയ്‌മെന്റ് 20.5 ശതമാനം തോതിൽ വർധിച്ചു. 2021 ൽ ഉപയോക്താക്കളുടെ പെയ്‌മെന്റ് 8.9 ട്രില്യൺ റിയാലായിരുന്നു.
1998 മുതൽ 2021 വരെയുള്ള കാലത്ത് സരീഅ് സംവിധാനം വഴി ബാങ്കുകൾ തമ്മിൽ 908.9 ട്രില്യൺ റിയാലിന്റെ ഫണ്ട് ട്രാൻസ്ഫർ ആണ് നടന്നത്. സരീഅ് സംവിധാനം വഴി ബാങ്കുകൾക്കിടയിൽ ഏറ്റവുമധികം ഫണ്ട് ട്രാൻസ്ഫർ നടന്നത് 2012 ൽ ആണ്. ആ വർഷം സരീഅ് സംവിധാനം വഴി 65.4 ട്രില്യൺ റിയാൽ ട്രാൻസ്ഫർ ചെയ്തു. ഏറ്റവും കുറവ് 1998 ൽ ആയിരുന്നു. ആ കൊല്ലം 4.9 ട്രില്യൺ റിയാൽ മാത്രമാണ് സരീഅ് വഴി ട്രാൻസ്ഫർ ചെയ്തത്.
ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും ബാങ്കുകൾക്കിടയിൽ തൽക്ഷണം ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും അവസരമൊരുക്കുന്ന ഇൻസ്റ്റന്റ് ഫണ്ട് ട്രാൻസ്ഫർ സേവനം രണ്ടു വർഷം മുമ്പാണ് സെൻട്രൽ ബാങ്ക് ആരംഭിച്ചത്. ഈയൊരു സേവനം സരീഅ് സംവിധാനത്തിൽ മുമ്പ് ലഭ്യമായിരുന്നില്ല. ഫണ്ട് ട്രാൻസ്ഫർ ചെലവും ക്യാഷ് ഇടപാടുകളും കുറക്കാനും സാമ്പത്തിക വളർച്ച ശക്തമാക്കാനും പുതിയ സേവനം സഹായിക്കുന്നു. അതിവേഗ ഫണ്ട് ട്രാൻസ്ഫർ സംവിധാനമായ സരീഅ് 1997 മെയ് 14 ന് ആണ് സെൻട്രൽ ബാങ്ക് ആരംഭിച്ചത്. ഇലക്‌ട്രോണിക് ബാങ്കിംഗ് മേഖലയിലെ ഏറ്റവും ആധുനികമായ പെയ്‌മെന്റ്, ബാങ്ക് സെറ്റിൽമെന്റ് സംവിധാനങ്ങളിൽ ഒന്നാണിത്.