റിയാദ് - ഫലസ്തീൻ ഗ്രാമമായ ഹവാരയെ തുടച്ചുമാറ്റണമെന്ന ഇസ്രായിൽ ധനകാര്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സൗദി രംഗത്ത്. തീവ്രവാദ പ്രസ്താവനകളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അധിനിവേശ ഇസ്രയേലി അസ്തിത്വം സഹോദരങ്ങളായ ഫലസ്തീൻ ജനതയ്‌ക്കെതിരെ പ്രയോഗിക്കുന്ന അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വ്യാപ്തി പ്രതിഫലിപ്പിക്കുന്ന ഈ വംശീയവും നിരുത്തരവാദപരവുമായ പ്രസ്താവനകൾ രാജ്യം പൂർണ്ണമായും നിരസിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ലജ്ജാകരമായ നടപടികളെ തടയുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഇസ്രായിലി ധനമന്ത്രി ബെട്‌സലിൽ സ്‌മോട്രിച്ച് നടത്തിയ വംശീയ പ്രസ്താവനയെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി അപലപിച്ചു. ഫലസ്തീൻ ഗ്രാമമായ ഹുവാറ മുച്ചൂടും തകർത്ത് തരിപ്പണമാക്കണമെന്ന് ബെട്‌സലിൽ സ്‌മോട്രിച്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും ചെറുക്കേണ്ടത് അനിവാര്യമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. ഇസ്രായിൽ അധിനിവേശ ശക്തികൾ മേഖലയെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ആക്രമണങ്ങൾ ശക്തമാക്കുന്നതും തടയാനുള്ള പ്രയത്‌നങ്ങളുടെ ഭാഗമായി സഹിഷ്ണുതയുടെയും മാനുഷിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്.
അറബികളുടെയും മുസ്‌ലിംകളുടെയും ഒന്നാമത്തെ പ്രശ്‌നമായ ഫലസ്തീൻ പ്രശ്‌നത്തിൽ ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഉറച്ചതാണ്. 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഗൾഫ് രാജ്യങ്ങൾ പിന്തുണക്കുന്നു. പശ്ചിമേഷ്യയിൽ സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാൻ നടത്തുന്ന പ്രാദേശിക, അന്താരാഷ്ട്ര ശ്രമങ്ങളെ എല്ലാവരും പിന്തുണക്കണമെന്നും അറബ് സമാധാന പദ്ധതിക്കും യു.എൻ തീരുമാനങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയാകുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
ഇസ്രായിൽ ധനമന്ത്രിയുടെ പ്രസ്താവനയെ യു.എ.ഇ വിദേശ മന്ത്രാലയവും അപലപിച്ചു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ ചെയ്തികളെയും യു.എ.ഇ നിരാകരിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ഇസ്രായിൽ ധനമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകളെ ഈജിപ്തും ശക്തമായ ഭാഷയിൽ അപലപിച്ചു.