കൊച്ചി- ഫോര്‍ട്ട്‌കൊച്ചിയിലെ കരകൗശല വസ്തുക്കളുടെ വിപണന കേന്ദ്രത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ ആഭരണങ്ങളും കരകൗശല വസ്തുക്കളും മോഷ്ടിച്ചശേഷം ദല്‍ഹിയിലേക്ക് കടന്നുകളഞ്ഞകാശ്മീര്‍ സ്വദേശികളെ ഡല്‍ഹിയില്‍ നിന്നും കൊച്ചി സിറ്റി പോലീസ് പിടികൂടി. ശ്രീനഗര്‍ ഹാജി മോഹല്ല സ്വദേശി അല്‍ത്താഫ് ഹുസൈന്‍ മകന്‍ ഡാനിഷ് (24), ഗുലാം അഹമ്മദ് ഭട്ട് മകന്‍ ദിലാവര്‍(29) എന്നിവരാണ് അറസ്റ്റിലായത്.
ഫോര്‍ട്ട് കൊച്ചിയില്‍ കാശ്മീര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നും ഫെബ്രുവരി 23ന് വെളുപ്പിനാണ് പ്രതികള്‍ മോഷണം നടത്തിയത്, മോഷണം നടത്തുന്നതിനായി ഫെബ്രുവരി 18ന് കൊച്ചിയിലെത്തിയ പ്രതികള്‍ വാടകക്ക് മുറിയെടുത്ത് താമസിച്ച് 5 ദിവസം കൃത്യമായ് നിരീക്ഷണം നടത്തി കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. അന്വേഷണത്തില്‍ പ്രതികള്‍ മോഷണ മുതലുകള്‍ സഹിതം ഡല്‍ഹിയിലേക്ക് കടന്നുകളഞ്ഞതായ് മനസ്സിലായതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് ഡല്‍ഹിയിലെത്തി. ഡല്‍ഹി പോലീസിലെ മലയാളി പോലീസ് ഓഫീസര്‍ മീനു ജോസഫിന്റെ സഹായത്തോടെ അഫ്ഗാന്‍ സ്വദേശികളും കാശ്മീരികളും താമസിക്കുന്ന കോളനിയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി എസ് ഐ രൂപേഷ് കെ ആര്‍, പോലീസുകാരായ സിനീഷ്, മനോജ്, സജി. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കീഴടക്കിയത്.