അബുദാബി- റോഡ് മധ്യത്തില്‍ വാഹനം നിര്‍ത്തുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ട്രാഫിക് തടസ്സപ്പെടുത്തിയും മറ്റുള്ളവര്‍ക്ക് അപകടക്കെണിയൊരുക്കിയും ഇപ്രകാരം വാഹനങ്ങള്‍ നിര്‍ത്തുന്നത് കടുത്ത പിഴക്ക് ഇടവരുത്തും.
തിരക്കുളള റോഡില്‍ വാഹനം നിര്‍ത്തിയിടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോ തങ്ങളുടെ വെബ്‌സൈറ്റില്‍ പോലീസ് പ്രസിദ്ധീകരിച്ചു. ഇത്തരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളും ലഭിക്കും. പെട്ടെന്ന് നിര്‍ത്തേണ്ടിവരുമ്പോള്‍ അടുത്തുള്ള എക്‌സിറ്റിലേക്ക് നീങ്ങണമെന്നും അതിന് കഴിയില്ലെങ്കില്‍ റോഡിന്റെ വലത്തെ ട്രാക്കിലേക്ക് നീങ്ങണമെന്നും പോലീസ് ഓര്‍മിപ്പിച്ചു.