റിയാദ് - ഉത്തര സൗദിയിലെ അൽഹദീഥ അതിർത്തി പോസ്റ്റ് വഴി വൻ ലഹരി ഗുളിക ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ലോറിയിൽ വഹിച്ച തക്കാളിയിലും ഉറുമാൻ പഴത്തിലും ഒളിപ്പിച്ച് കടത്തിയ 20,15,116 ലഹരി ഗുളികകൾ അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തക്കാളിയിലും ഉറുമാൻ പഴത്തിലും ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തിൽ, ജിസാൻ പ്രവിശ്യയിൽ പെട്ട അൽആരിദയിൽ വെച്ച് മയക്കുമരുന്ന് ശേഖരവുമായി മൂന്നു സൗദി പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. വാഹനത്തിൽ ഒളിപ്പിച്ച് 57 കിലോ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. തുടർ നടപടികൾക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം അറിയിച്ചു.