Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി പറഞ്ഞത് സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വര്‍ഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓര്‍മിപ്പിച്ചവരാണ് മലയാളികള്‍. മറിച്ചു സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണമെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബി ജെ പി എന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും അവിടെയും സര്‍ക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം..!
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലര്‍ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വര്‍ഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓര്‍മ്മിപ്പിച്ചവരാണ് മലയാളികള്‍. ആര്‍എസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും.
മറിച്ചു സംഭവിക്കണമെങ്കില്‍
മതനിരപേക്ഷ കേരളം മരിക്കണം.
ഇടതുപക്ഷമുള്ളിടത്തോളം
മതനിരപേക്ഷ കേരളത്തിന് മരണമില്ല...

 

 

Latest News