തിരുവനന്തപുരം- കേരളത്തിലും ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ത്രിപുരയിലെയും നോർത്ത്് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും വിജയത്തിന്റെ പശ്ചാതലത്തിൽ കേരളത്തിലും സർക്കാറുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാർ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാർ. സംഘപരിവാറിൽ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി അനുകൂല നിലപാടിലെത്താനാവില്ല. ചില താൽക്കാലിക ലാഭങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകൾ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്.
വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.