കോഴിക്കോട് : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം. കെ രാഘവന്‍ എം പി. പാര്‍ട്ടിക്കുള്ളില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി. 'രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. അത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. സ്ഥാനവും മാനവും വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട്. എന്ത് പുനഃസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല. നാളെ പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് സ്വയം ആലോചിക്കണം'. എം കെ രാഘവന്‍ പറഞ്ഞു. ഇതിന് മുന്‍പും എം.കെ.രാഘവന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ശശി തരൂരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന എം.കെ.രാഘവന്‍ ശശി തരൂരിന്റെ കേരള പര്യടനത്തിന്‍ പ്രധാന പങ്കുവഹിച്ചതോടെ പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയിരുന്നു.