തോക്കും വിഗും കുരുമുളക് സ്‌പ്രെയും പിടിച്ചു
കാസർകോട്- മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തി രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയെ കാസർകോട് ജില്ലാ പോലീസ് സാഹസികമായി പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ ചാത്തനാടത്ത് താഴെ വീട്ടിൽ പി. പി ഷിഫാസിനെ (30) കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്. പി സി. എ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്‌നിന്ന് ട്രെയിനിൽ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ ആണ് കൃത്യമായ നിരീക്ഷണം നടത്തി പിന്തുടർന്ന അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. ഇയാളുടെ കൈയിൽ നിന്ന് റിവോൾവർ, എയർ ഗൺ, വേഷം മാറാനുള്ള വിഗ്, കുരുമുളക് പൊടി, സ്‌പ്രേ തുടങ്ങിയവ പിടിച്ചെടുത്തു.
കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യംചെയ്ത് മൊഴിയെടുത്ത ശേഷം വൈദ്യ പരിശോധന നടത്തി മംഗളൂരു പോലീസിന് കൈമാറി. ഇയാളുടെ കയ്യിൽനിന്ന് തോക്കും വെടിയുണ്ടയും പോലീസ് പിടിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വൈകുന്നേരം മൂന്നരക്ക് മംഗളൂരു നോർത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബൽമട്ട റോഡിലുള്ള ജ്വല്ലറിയിൽ കയറി ജീവനക്കാരൻ രാഘവേന്ദ്ര ആചാരയെ കുത്തിക്കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു പ്രതി. മംഗളൂരു പോലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നെങ്കിലും കേരളത്തിലേക്ക് കടന്ന് ഒളിവിൽ പോയതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മംഗളൂർ സിറ്റി എ.സി.പി പി. എ ഹെഗ്‌ഡേ, സെൻട്രൽ സബ് ഡിവിഷൻ എ.സി.പി മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. കാസർകോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്‌സേനയെ മംഗളൂരുവിലെ അന്വേഷണസംഘം ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ സഹായം അഭ്യർത്ഥിച്ചു. തുടർന്നാണ് കാസർകോട് എസ്.പി അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. കൊലക്കേസ് പ്രതിയെ പിടികൂടിയ സംഘത്തിൽ നിജിൻ കുമാർ, രാജേഷ് കാട്ടാമ്പള്ളി, ചെറിയാൻ, സുജിത്ത്, സജീഷ് എന്നിവരും ഉണ്ടായിരുന്നു.