റിയാദ്- ഇറാനിൽ നിന്ന് യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ശ്രമം വിഫലമാക്കിയതായി ബ്രിട്ടീഷ് നാവിക സേന അറിയിച്ചു. ബോട്ടിൽ കടത്തുകയായിരുന്ന ആയുധങ്ങൾ ഒമാൻ ഉൾക്കടലിൽ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് പിടികൂടിയത്. ടാങ്ക് വേധ മിസൈലുകൾ അടക്കമുള്ള ആയുധങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്.
അമേരിക്കൻ ഇന്റലിജൻസിനു കീഴിലെ നിരീക്ഷണ ഡ്രോൺ ആണ് രാത്രിയുടെ മറവിൽ ഇറാനിൽ നിന്നുള്ള ബോട്ട് തെക്കുദിശ ലക്ഷ്യമാക്കി അതിവേഗത്തിൽ സഞ്ചരിക്കുന്നത് കണ്ടെത്തിയത്. ബ്രിട്ടീഷ് ഹെലികോപ്റ്ററും ബോട്ടിനെ പിന്തുടർന്നു. ബ്രിട്ടീഷ് നാവിക സേനയിൽ നിന്നുള്ള വിളി ലഭിച്ചതോടെ ഇറാൻ ജലാതിർത്തിയിലേക്ക് മടങ്ങാൻ തുടക്കത്തിൽ ബോട്ട് ശ്രമിച്ചു. എന്നാൽ ബ്രിട്ടീഷ് നാവികസേനാ മറീനുകൾ ബോട്ട് തടഞ്ഞുനിർത്തി ആയുധ ശേഖരം പിടിച്ചെടുക്കുകയായിരുന്നു.
ടാങ്ക് വേധ ഗൈഡഡ് മിസൈലുകളും ബാലിസ്റ്റിക് മിസൈൽ ഘടകങ്ങളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ ദഹ്‌ലാവിയ എന്ന പേരിൽ അറിയപ്പെടുന്ന റഷ്യൻ നിർമിത ടാങ്ക് വേധ ഗൈഡഡ് മിസൈൽ ആയ കോർനെറ്റ് 9 എം 133 ഇനത്തിൽ പെട്ട മിസൈലുകളും മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഘടകങ്ങളുമാണ് ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ നിന്ന് കടത്തിയ ആയുധ ശേഖരം പിടികൂടിയ വിവരം യു.എന്നിനെ അറിയിച്ചിട്ടുണ്ടെന്നും ബ്രിട്ടൻ പറഞ്ഞു.
നേരത്തെ ഇറാനിൽനിന്ന് ആയുധങ്ങൾ കടത്താനുള്ള രണ്ടു ശ്രമങ്ങൾ ഇതേ പ്രദേശത്തു വെച്ച് ബ്രിട്ടീഷ് നാവിക സേന പരാജയപ്പെടുത്തിയിരുന്നു. മേഖലയിൽ സുരക്ഷക്കും സമുദ്ര സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തനം തുടരുമെന്ന് യു.എസ് നാവിക സേനാ സെൻട്രൽ കമാൻഡ് കമാൻഡർ വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.