Sorry, you need to enable JavaScript to visit this website.

ഇൻസ്റ്റഗ്രാം വഴി മൊട്ടിട്ട പ്രണയം സാഫല്യമായി; ജോർദാൻ രാജാവിന്റെ ബന്ധുവിന്  ചാവക്കാട്ടുനിന്ന് വരൻ

ചാവക്കാട്-ഇൻസ്റ്റഗ്രാം വഴി മൊട്ടിട്ട പ്രണയത്തിന് ഒടുവിൽ സാഫല്യം. ചാവക്കാട്ടുകാരന് വധു ജോർദാനിൽനിന്ന്. തിരുവത്ര തെരുവത്ത് ചാലിൽ ഹംസ ഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻകാരിയായ ഹല ഇസ്ലാം അൽ റൗസനുമാണ് ഓൺലൈൻ പ്രണയത്തിലൂടെ വിവാഹിതരായത്.
ദുബായിൽ ബോഡി ഡിസൈനർ എന്ന ബോഡി ബിൽഡിംഗ് സ്ഥാപനം നടത്തുകയാണ് റൗഫ്. ജോർദാനിലെ ദർഖ അൽ യൗമ് എന്ന ടെലിവിഷൻ ചാനലിലെ അവതാരികയാണ് ഹല. ഇരുവരും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയുമായിരുന്നു.

ഓൺലൈൻ പ്രണയം ശക്തമായതോടെ ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും റൗഫ് ജോർദാനിൽ പോയി ഹലയെ നേരിൽ കാണുകയും ചെയ്തു. 2022 ഒക്ടോബറിലായിരുന്നു അത്. അന്നായിരുന്നു ഇവർ ആദ്യമായി നേരിൽ കാണുന്നത്. പിന്നീട് പിതാവ് ഹംസ ഹാജിയോട് റൗഫ് വിവരങ്ങൾ ധരിപ്പിച്ച് വിവാഹത്തിന് അനുമതി വാങ്ങി.

 
ജോർദാനിലെ ഹുസൈൻ രാജാവിന്റെ അടുത്ത കുടുബമാണ് ഹലയുടേത്. അഭിഭാഷകനും ജോർധാനിലെ പ്രമുഖ പാർട്ടിയുടെ നേതാവുമാണ് ഹലയുടെ പിതാവ്. തദ്ദേശിയർ മാത്രം താമസിക്കുന്ന സർക്ക എന്ന നഗരത്തിലെ സമ്പന്ന കുടുംബമാണ് ഹലയുടെത്. ഇന്ത്യക്കാരൻ പെണ്ണാന്വേഷിച്ചുവന്നത് ഹലയുടെ കുടുംബത്തെ ഞെട്ടിച്ചു.  ആദ്യം വിവാഹത്തിന് വിസമ്മതിച്ച ഹലയുടെ കുടുംബം പിന്നീട് ഹലയുടെ നിർബന്ധവും റൗഫിന്റെ ഇടപെടലുകൾക്കും മുന്നിൽ വഴങ്ങുകയായിരുന്നു.

2023 ജനുവരി 21 നായിരുന്നു ഇരുവരുടെയും വിവാഹം. തിരുവത്രയിൽ നിന്നും റൗഫിന്റെ മുപ്പതോളം കുടുംബാഗങ്ങൾ ജോർദാനിൽ വിവാഹത്തിൽ പങ്കെടുത്തു. നവ ദമ്പതികൾ കഴിഞ്ഞ ദിവസം ചാവക്കാടെത്തി. ജോർദാനിലേക്കാൾ ചൂടാണ് ചാവക്കാടെന്നാണ് ഹല പറയുന്നത്.

Latest News