റിയാദ് - അതിർത്തികളിൽ നിരോധിത സ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്ക് 25,000 റിയാൽ വരെ പിഴയും 30 മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് അതിർത്തി സുരക്ഷാ സേന മുന്നറിയിപ്പ് നൽകി. ഉല്ലാസയാത്രയായും മറ്റും മരുഭൂപ്രദേശങ്ങൾ സന്ദർശിക്കുന്ന സൗദി പൗരന്മാരും വിദേശികളും അതിർത്തി പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കണം. അതിർത്തിക്കു സമീപമുള്ള നിരോധിത പ്രദേശങ്ങൾ വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകളും മൺഅതിർവരമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പ്രവേശിക്കുന്നത് രാജ്യത്തെ നിയമ, നിർദേശങ്ങൾ വിലക്കുന്നു.
വാണിംഗ് ബോർഡുകൾ മറികടന്ന് അതിർത്തികളിലെ നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നവർക്ക് അതിർത്തി സുരക്ഷാ നിയമം അനുസരിച്ച് രണ്ടര വർഷം വരെ തടവും 25,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. അതിർത്തികൾക്കു സമീപമുള്ള മരുഭൂപ്രദേശങ്ങളിലേക്കും മറ്റും ഉല്ലാസയാത്രയായും മറ്റും പോകുന്നവർ രാജ്യത്തെ നിയമ, നിർദേശങ്ങൾ പാലിക്കണം. നിയമം ലംഘിച്ച് നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നവരെ പിടികൂടി നിയമ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അതിർത്തി സുരക്ഷാ സേന പറഞ്ഞു.