ജിദ്ദ - വിശുദ്ധ റമദാൻ ഹറമൈൻ ട്രെയിൻ സർവീസുകൾ വർധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. തിരക്കേറിയ സീസണിൽ മക്കക്കും മദീനക്കുമിടയിൽ ഉംറ തീർഥാടകരുടെ യാത്രക്ക് പ്രതിദിന സർവീസുകളുടെ എണ്ണം 100 ലേറെയായാണ് ഉയർത്തുക. റമദാനിൽ ജിദ്ദ എയർപോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ ഒഴുക്ക് വർധിക്കും.
ഉംറ തീർഥാടകരും സന്ദർശകരും അടക്കമുള്ളവരിൽ നിന്ന് ഹറമൈൻ ട്രെയിൻ സർവീസിനുള്ള സ്വീകാര്യത വർധിച്ചുവരികയാണ്. ഹറമൈൻ ട്രെയിനുകൾ ഇതിനകം കാൽ ലക്ഷത്തിലേറെ സർവീസുകൾ നടത്തിയിട്ടുണ്ട്. സർവീസുകളുടെ കൃത്യനിഷ്ഠ 95 ശതമാനമാണ്.
നിലവിൽ ജിദ്ദ സുലൈമാനിയ സ്റ്റേഷനും മക്കക്കുമിടയിൽ 58 സർവീസുകൾ നടത്തുന്നുണ്ട്. സുലൈമാനിയ സ്റ്റേഷനും ജിദ്ദ എയർപോർട്ട് സ്റ്റേഷനുമിടയിൽ ദിവസേന 26 സർവീസുകളും നടത്തുന്നു. തിരക്കുള്ള സമയങ്ങളിൽ മക്കക്കും മദീനക്കുമിടയിൽ മണിക്കൂറിൽ രണ്ടു സർവീസുകളും ജിദ്ദ എയർപോർട്ടിനും മക്കക്കുമിടയിൽ ഒരു സർവീസ് വീതവുമാണ് നടത്തുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.