Sorry, you need to enable JavaScript to visit this website.

ലോക ശ്രദ്ധേയമാകുന്ന സൗദി സഹായഹസ്തം

സാഹിം പ്ലാറ്റ്‌ഫോം വഴി ഇതുവരെ 46.5 കോടി റിയാലിന്റെ ഫണ്ടാണ് ഒഴുകിയെത്തിയത്. 19.79 ലക്ഷത്തോളം പേർ ഈ പ്ലാറ്റ്‌ഫോം വഴി സഹായത്തിനു സന്നദ്ധമായി. ഫെബ്രുവരി ആറിന് ദുരന്തം ഉണ്ടായ ശേഷം സൗദി ഭരണകർത്താക്കൾ നടത്തിയ പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ജീവകാരുണ്യ രംഗത്തെ സൗദിയുടെ താൽപര്യവും അത് എത്തിച്ചു കൊടുക്കുന്നതിലുള്ള മികവുമാണ് ഇത്രയേറെ സാഹായം കുറഞ്ഞ ദിവസം കൊണ്ട് ലഭിക്കാനിടയാക്കിയത്. 

 


ലോക രാജ്യങ്ങൾക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമല്ല, യുദ്ധം ഉൾപ്പെടെയുള്ള മറ്റു കെടുതികൾ ഉണ്ടാകുമ്പോഴും ശത്രുവെന്നോ  മിത്രമെന്നോ നോക്കാതെയാണ് സൗദിയുടെ സഹായങ്ങൾ എത്താറുള്ളത്. പ്രയാസം അനുഭവിക്കുന്ന ജനങ്ങൾ എവിടെയായിരുന്നാലും അവർക്ക് സഹായം എത്തിക്കുയെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. ഇക്കാര്യത്തിൽ സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങൾക്കാണ് മുൻഗണന നൽകാറ്. എന്നാൽ പ്രകൃതി ദുരന്തങ്ങളാലും യുദ്ധക്കെടുതികളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സഹായം എത്തിക്കുന്നതിലും പിന്നോക്കം നിൽക്കാറില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ലോക രാജ്യങ്ങൾക്ക് 700 കോടിയിലേറെ ഡോളറിന്റെ മാനുഷിക സഹായങ്ങളാണ് സൗദി നൽകിയത്. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വഴി അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ എയിഡ്, റിലീഫ് സംഘടനകൾ വഴിയാണ് ഇത്രയും സഹായങ്ങൾ എത്തിച്ചത്. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ആണ് ഇക്കാര്യം കഴിഞ്ഞ ആഴ്ച റിയാദിൽ സമാപിച്ച മൂന്നാമത് റിയാദ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ഫോറത്തിൽ വെളിപ്പെടുത്തിയത്. കിംഗ് സൽമാൻ റിലീഫ് സെന്റർ 82 ലേറെ രാജ്യങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. ഇത് സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളിൽ എടുത്തു പറയേണ്ട കാര്യമാണ്. തങ്ങൾക്ക് ഉണ്ടാകുന്ന അഭിവൃദ്ധിയുടെ ഒരു ഭാഗം മറ്റുള്ളവരിലേക്കു കൂടി എത്തിക്കുകയെന്ന നയം സൗദി കാലാകാലങ്ങളായി തുടർന്നു വരുന്നതാണ്. അതിപ്പോൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നു എന്നു വേണം പറയാൻ. സൗദി അറേബ്യയുടെ സ്ഥാപന കാലം മുതൽ സൗദി ഭരണകർത്താക്കൾ പ്രകൃതി ദുരന്തങ്ങൾക്കും മറ്റു കെടുതികൾക്കും ഇരയാകുന്നവരെ സഹായിക്കാൻ രാജ്യത്തിന്റെ ശേഷികൾ പ്രയോജനപ്പെടുത്തിയിരുന്നുവെന്നും അതു തുടർന്നും ഉണ്ടാകുമെന്നും വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഫോറത്തിൽ വ്യക്തമാക്കിയിരുന്നു. 70 വർഷത്തിനിടെ സൗദി അറേബ്യ ലോക രാജ്യങ്ങൾക്ക് 9500 കോടിയിലേറെ ഡോളറിന്റെ സഹായമാണ് നൽകിയത്. ഇതിന്റെ പ്രയോജനം 160 രാജ്യങ്ങൾക്കു ലഭിച്ചിട്ടുണ്ട്.  
ലോകത്ത് വിതരണം ചെയ്യപ്പെടുന്ന സഹായം എങ്ങനെയെല്ലാം വിനിയോഗിക്കപ്പെടുന്നു, അത് അർഹരായവരിൽ എത്തുന്നതിന്റെ പുരോഗതി തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദിൽ മൂന്നാമത് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ഫോറം സംഘടിപ്പിച്ചത്. യു.എന്നുമായും ലോക ഹ്യുമാനിറ്റേറിയൻ സംഘടനകളുമായും സഹകരിച്ചു നടത്തിയ ഫോറത്തിൽ രാഷ്ട്ര നേതാക്കളും സഹായ കർത്താക്കളും റിലീഫ് രംഗത്തു പ്രവർത്തിക്കുന്ന  വിദഗ്ധരുമെല്ലാമാണ്  പങ്കെടുത്തത്. ഫോറത്തിന്റെ വിജയകരമായ നടത്തിപ്പു തന്നെ രാജ്യം ഇക്കാര്യത്തിൽ കാണിക്കുന്ന താൽപര്യം വ്യക്തമാക്കുന്നതാണ്. ലോകത്ത് എവിടെയും സഹായം എത്തിക്കുന്നതിൽ ഇന്ത്യ ഉൾപ്പെടെ എല്ലാ രാഷ്ട്രങ്ങളും അവരുടേതായ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് സൗദി അറേബ്യയാണ്. അതുകൊണ്ടു തന്നെ ഈ രംഗത്ത് ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും സൗദി നടത്തി വരുന്നുണ്ട്. സഹായം വളരെ എളുപ്പത്തിൽ സർക്കാർ തലത്തിൽ തന്നെ ശേഖരിക്കാൻ സാധ്യമാക്കും വിധത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കുന്നതിന് സൗദി സജ്ജമാക്കിയ സാഹിം ഫണ്ട് ശേഖരണ പഌറ്റ്‌ഫോം ഇതിനുദാഹരണമാണ്. മണിക്കൂറുകൾക്കുള്ളിലാണ് ഇതു വഴി ജനങ്ങളിൽനിന്ന് കോടികളുടെ സഹായം ഒഴുകി എത്തിയത്. ദുരിതാശ്വാസ മേഖലയിൽ ഡിജിറ്റൽവൽക്കരണം ശക്തമാക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുകയും ഡാറ്റകൾ ശേഖരിക്കുകയും മുൻഗണനകൾ നിർണയിക്കുകയും വേണമെന്ന കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅയുടെ ഫോറത്തിലെ നിർദേശം ഇതു സൂചിപ്പിക്കുന്നതാണ്. രാഷ്ട്രങ്ങളിലേക്കു മാത്രമല്ല, യു.എന്നിലേക്കും സഹായം എത്തിച്ചും സഹായ വിതരണം സൗദി നടത്തി വരുന്നുണ്ട്. ലോക രാജ്യങ്ങളെ ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പ്രകൃതി ദുരന്തങ്ങൾ എന്നിവ കൂടി കണക്കിലെടുത്താണ് സൗദിയുടെ സഹായ ഹസ്തം.  
50,000 ഓളം പേർക്ക് ജീവഹാനിയും വൻ നാശനഷ്ടങ്ങളും സംഭവിച്ച തുർക്കി, സിറിയ ഭൂകമ്പ ദുരിത ബാധിത പ്രദേശത്ത് ആദ്യം സഹായവുമായി ഓടിയെത്തിയ രാജ്യങ്ങളിൽ സൗദിയുമുണ്ടായിരുന്നു. പല രാജ്യങ്ങളും ദുരന്ത ബാധിത പ്രദേശത്തുനിന്ന് മടങ്ങിയെങ്കിലും സൗദി ഇപ്പോഴും മെഡിക്കൽ സാഹയങ്ങളും പുനർനിർമാണ പ്രവർത്തന പദ്ധതികളുമായി തുടരുകയാണ്. സിറിയയിലും തുർക്കിയിലും ഭൂകമ്പ കെടുതികൾക്കിരയായവർക്കു വേണ്ടി റിലീഫ് പദ്ധതികൾ നടപ്പാക്കാൻ 18.3 കോടിയിലേറെ റിയാലിന്റെ കരാറുകൾക്കാണ് ഹ്യുമാനിറ്റേറിയൻ ഫോറത്തിൽ സൗദി ഒപ്പുവെച്ചത്. കിംഗ് സൽമാൻ റിലീഫ് സെന്റർ ദുരിത ബാധിതകർക്ക് സഹായം എത്തിക്കുന്നതിന് ഫണ്ട് ശേഖരണത്തിനായി ആവിഷ്‌കരിച്ച സാഹിം പ്ലാറ്റ്‌ഫോം വഴി ഇതുവരെ 46.5 കോടി റിയാലിന്റെ ഫണ്ടാണ് ഒഴുകിയെത്തിയത്. 19.79 ലക്ഷത്തോളം പേർ ഈ പ്ലാറ്റ് ഫോം വഴി സഹായത്തിനു സന്നദ്ധമായി. ഫെബ്രുവരി ആറിന് ദുരന്തം ഉണ്ടായ ശേഷം സൗദി ഭരണകർത്താക്കൾ നടത്തിയ പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ജീവകാരുണ്യ രംഗത്തെ സൗദിയുടെ താൽപര്യവും അത് എത്തിച്ചു കൊടുക്കുന്നതിലുള്ള മികവുമാണ് ഇത്രയേറെ സഹായം കുറഞ്ഞ ദിവസം കൊണ്ട് ലഭിക്കാനിടയാക്കിയത്. 
്അതുപോലെ യെമൻ ജനതയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും  സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനുമായി 100 കോടി ഡോളറിന്റെ സഹായമാണ് കഴിഞ്ഞ ദിവസം സൗദി നൽകിയത്.  യെമനിലെ പതിനാലു പ്രവിശ്യകളിൽ സൗദി സഹായത്തോടെ 82.8 കോടി ഡോളറിന്റെ പദ്ധതികൾ നടന്നു വരുന്നുണ്ട്. യെമൻ പുനർനിർമാണ സൗദി പ്രോഗ്രാം എട്ടു പ്രധാന മേഖലകളിൽ 224 പദ്ധതികളും നടപ്പാക്കി വരികയാണ്. 2015 മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലത്തിനിടെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ  വഴി സൗദി അറേബ്യ 1700 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ യെമന് നൽകിയിട്ടുണ്ട്. യുദ്ധക്കെടുതിയിൽ കഴിയുന്ന ഉക്രൈനിന് 400 മില്യൺ ഡോളറിന്റെ സഹായവും സൗദി അറേബ്യ നൽകിയിരുന്നു. ഫലസ്തീന് നിരന്തരം സഹായം  എത്തിക്കുന്നതിലും സൗദി മുന്നിലാണ്. അതുപോലെ മറ്റു രാജ്യങ്ങളിലെ പ്രയാസമനുഭവിക്കുന്നവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കും സഹായം എത്തിക്കുന്നതിന് ഒരു വിമുഖതയും സൗദി കാണിക്കാറില്ല. സൗദി ഭരണ കർത്താക്കളുടെയും ജങ്ങളുടെയും മാനുഷിക മുല്യങ്ങളിലുള്ള വിശ്വാസവും പ്രയാസമനുഭവിക്കുന്നവർ എവിടെയായിരുന്നാലും അവർക്ക് ആശ്വാസം പകരുകയെന്നത് തങ്ങളുടെ കടമയാണെന്നും കരുതുന്നതിനാലാണിത്. സൗദിയുടെ രൂപീകരണ കാലം മുതൽ തുടങ്ങിയ ആ നിലപാട് ഇന്നും ശക്തമായി കാത്തു സൂക്ഷിക്കുന്നുവെന്നത് ഈ രംഗത്ത് സൗദിയെ വെറിട്ടതാക്കുന്നു. 

Latest News