കൈകൾ ശുദ്ധമെങ്കിൽ ഒരു ഇ.ഡിക്കും ഒന്നും ചെയ്യാനാവില്ല. ഇതുവരെ ഇ.ഡി അന്വേഷിച്ച കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് മന്ത്രി എം.ബി. രാജേഷും മറ്റും പറയുന്നത്. അങ്ങനെയെങ്കിൽ തന്റേടത്തോടെ ഇ.ഡി അന്വേഷണത്തെ നേരിടുക. ഇരട്ടച്ചങ്ക് കാണിക്കേണ്ടത് ഇക്കാര്യത്തിലാണ്.
മൂന്ന് വർഷത്തെ ഇടവേളക്കു ശേഷം കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വേട്ടയാടിക്കൊണ്ട് ലൈഫ് മിഷൻ അഴിമതി കേസ് വീണ്ടും വാർത്തകളിൽ നിറയുന്നു. അഴിമതിയുടെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന എം. ശിവശങ്കറിന്റെ അറസ്റ്റും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങളുമാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇ.ഡി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ അതിന് തയാറാവാതെ നിയമസഭ സമ്മേളനത്തിൽ അഭയം പ്രാപിച്ചിരിക്കുന്നു. ഏറ്റവുമൊടുവിൽ നിയമസഭയിൽ ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി സമചിത്തത കൈവിട്ട് അസാധാരണമാംവിധം ക്ഷുഭിതനായതും കലികയറിയ ഭരണപക്ഷം സഭ സമ്മേളനം തന്നെ നിർത്തിവെക്കാൻ ഇടയാക്കുംവിധം ബഹളമുണ്ടാക്കിയതുമെല്ലാം മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്നത് വ്യക്തമാക്കുന്നതായി.
കുറെ വാട്‌സാപ് ചാറ്റുകൾ ഒഴികെ വാസ്തവത്തിൽ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കൂടുതലായൊന്നും ഇപ്പോഴും പുറത്തു വന്നിട്ടില്ല. പുറത്തുവന്ന വാട്‌സാപ് ചാറ്റുകളാകട്ടെ, മുഖ്യമന്ത്രിയെയോ സർക്കാരിനെയോ കുടുക്കാൻ കഴിയുംവിധം കോടതിയിൽ നിലനിൽക്കുന്ന ശക്തമായ തെളിവാണെന്ന് പറയാനും ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. മാത്രമല്ല, കള്ളപ്പണം, ഹവാല തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇ.ഡിക്ക് ഇത്തരമൊരു അഴിമതിക്കേസുമായി എത്രത്തോളം മുന്നോട്ടു പോകാൻ കഴിയുമെന്നതിലും സംശയമുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ കാണിക്കുന്ന വെപ്രാളം സംശയം ജനിപ്പിക്കുന്നതാണ്. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് കൈവശമുള്ള വാട്‌സാപ് ചാറ്റുകൾ ആധാരമാക്കി ഇ.ഡി പഴുതില്ലാതെ അന്വേഷണം നടത്തിയാൽ അത് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണോ ഈ വേവലാതിക്ക് പിന്നിലെന്ന് സംശയിക്കണം.
ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നുവെന്നും കോഴ കൈമാറിയെന്നും ഭരണപക്ഷം പോലും സമ്മതിച്ചുകഴിഞ്ഞ കാര്യമാണ്. എന്നാൽ കോഴ വാങ്ങിയത് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കുറെ പണം സ്വപ്‌ന സുരേഷിനും കൂട്ടാളികൾക്കും കിട്ടിക്കാണും. അല്ലാതെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സർക്കാരിന്റെ ഭാഗമായുള്ള മറ്റാരെങ്കിലുമോ അതിൽനിന്ന് അവിഹിതമായൊന്നും കൈപ്പറ്റിയിട്ടില്ലെന്നും അക്കൂട്ടർ പറയുന്നു. തനിക്ക് കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലുള്ള പരിചയം മാത്രമേ സ്വപ്‌നയുമായുള്ളൂവെന്നും സ്‌പെയ്‌സ് പാർക്കിലെ അവരുടെ നിയമനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് മുഖ്യമന്ത്രിതന്നെ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൊളിക്കുന്നതാണ് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഭാഗമായുള്ള വാട്‌സാപ് ചാറ്റുകൾ. ശിവശങ്കർ, സി.എം. രവീന്ദ്രൻ എന്നിവർക്ക് സ്വപ്‌നയുമായി വളരെ അടുത്ത വ്യക്തിബന്ധമാണുണ്ടായിരുന്നതെന്ന് വാട്‌സാപ് ചാറ്റുകളിൽ വ്യക്തമാവുന്നു. ശിവശങ്കറുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ച് സ്വപ്‌ന തന്നെ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. അവരുടെ പുസ്തകത്തിലും അക്കാര്യം വിശദമായി വിവരിക്കുന്നു. എന്നാൽ സി.എം. രവീന്ദ്രനുമായും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിട്ടുള്ളതല്ലാതെ അതിന്റെ തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. എല്ലാ തെളിവുകളും താൻ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് മാത്രമായിരുന്നു മാധ്യമ പ്രവർത്തകരോട് സ്വപ്‌ന പറഞ്ഞുകൊണ്ടിരുന്നത്. അതെല്ലാം സത്യമാണെന്ന് കരുതാൻ ഇടവരുത്തുന്നതാണ് സ്വപ്‌നയും സി.എം. രവീന്ദ്രനും നടത്തിയിട്ടുള്ള വാട്‌സാപ് ചാറ്റുകൾ. അർധരാത്രി പോലും സി.എം. രവീന്ദ്രൻ അശ്ലീലച്ചുവയുള്ള ഭാഷയിലാണ് സ്വപ്‌നയോട് ചാറ്റ് ചെയ്തിരുന്നത്. മാത്രമല്ല, സ്വപ്‌നയെ സ്‌പെയ്‌സ് പാർക്കിൽ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരമാണെന്ന ശിവശങ്കറിന്റെ ചാറ്റുകളും ഇന്നലെയടക്കം പുറത്തു വന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഉണ്ടായിരുന്നുവെന്ന് സ്വപ്‌ന പറയുന്ന അടുപ്പം ഒരു തട്ടിപ്പുകാരിയുടെ വെളിപ്പെടുത്തൽ മാത്രമാകുന്നില്ല. അവയിൽ വസ്തുത ഉണ്ടാവുമെന്ന് ന്യായമായും സംശയിക്കണം. അവരെ കുറിച്ച് സ്വപ്‌ന നടത്തിയിട്ടുള്ള ആരോപണങ്ങളും അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല.
ഈ വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ഇ.ഡി ഇപ്പോൾ നടത്തുന്നത്.
ശിവശങ്കറിന്റെ അറസ്റ്റിനും ചോദ്യം ചെയ്യലിനുംശേഷം സി.എം. രവീന്ദ്രനു നേരെ തിരിഞ്ഞിരിക്കുന്നത് അതിന്റെ ഭാഗമാണ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ നിയമസഭ സമ്മേളനത്തിന്റെ പേര് പറഞ്ഞ് വിട്ടുനിൽക്കുകയാണ് രവീന്ദ്രൻ. മുമ്പ് ഇ.ഡി വിളിപ്പിച്ചപ്പോഴും കോവിഡ് ബാധിച്ചുവെന്നും മറ്റും പറഞ്ഞ് പരമാവധി ഒഴിഞ്ഞുമാറാൻ രവീന്ദ്രൻ ശ്രമിച്ചിരുന്നു. ഒരുവിൽ ഗത്യന്തരമില്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നെങ്കിലും അതിനു ശേഷം കേസന്വേഷണം കാര്യമായി മുന്നോട്ടു പോയിരുന്നില്ല.
ഇത്തവണ വാട്‌സാപ് ചാറ്റുകളുടെ കൂടി അടിസ്ഥാനത്തിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ രവീന്ദ്രന് കുരുക്ക് മുറുകിയേക്കുമെന്ന സംശയം ബലപ്പെടുന്നുണ്ട്. രവീന്ദ്രിനിൽനിന്ന് മുഖ്യമന്ത്രിക്കോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ ദോഷകരമായ എന്തെങ്കിലും ചോദ്യം ചെയ്യലിൽ പുറത്തു വരുന്ന പക്ഷം അന്വേഷണവും ചോദ്യം ചെയ്യലും ക്ലിഫ് ഹൗസിലേക്കും നീളും. അങ്ങനെ വന്നാൽ അത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലനിൽപിനെ തന്നെ ബാധിക്കും. ലൈഫ് കേസ് സി.ബി.ഐ അന്വേഷിക്കുന്നതിന് തടയിടാൻ വിജിലൻസിനെ ഇറക്കി കളിച്ച സർക്കാർ, മൂന്ന് വർഷത്തിനു ശേഷം ഇ.ഡി വേറൊരു രൂപത്തിൽ ചുറ്റിപ്പിടിക്കുമെന്ന് കരുതിയിട്ടുണ്ടാവില്ല.
ലൈഫ് അഴിമതിയിലോ, സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയവയിലോ തനിക്കും സർക്കാരിനും ബന്ധമില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറച്ച ബോധ്യമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഈ പരിഭ്രമം ഒഴിവാക്കുകയാണ്. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ, ആരെ വേണമെങ്കിലും ചോദ്യം ചെയ്‌തോട്ടെ എന്നൊരു പ്രഖ്യാപനം നിയമസഭയിൽ അദ്ദേഹം നടത്തിയാൽ ജനം കൈയടിക്കും. മാത്രമല്ല, സി.എം. രവീന്ദ്രനോ, വേണമെങ്കിൽ താനും തന്നെയോ ചോദ്യം ചെയ്യലിന് ഹാജരാവുകയും വേണം. കൈകൾ ശുദ്ധമെങ്കിൽ ഒരു ഇ.ഡിക്കും ഒന്നും ചെയ്യാനാവില്ല. ഇതുവരെ ഇ.ഡി അന്വേഷിച്ച കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് മന്ത്രി എം.ബി. രാജേഷും മറ്റും പറയുന്നത്. അങ്ങനെയെങ്കിൽ തന്റേടത്തോടെ ഇ.ഡി അന്വേഷണത്തെ നേരിടുക. ഇരട്ടച്ചങ്ക് കാണിക്കേണ്ടത് ഇക്കാര്യത്തിലാണ്.