Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ലോറിക്കടിയിലേക്കു തെറിച്ച സ്‌കൂട്ടർ യാത്രക്കാരികളെ രക്ഷിച്ച്‌ ട്രാഫിക് പോലീസ്!!

കോഴിക്കോട് - സ്‌കൂട്ടറിൽ സഞ്ചരിച്ച രണ്ടു സ്ത്രീകളെ കൺമുമ്പിലെ വൻ ദുരന്തത്തിൽനിന്ന് ജീവിതത്തിലേക്ക് കൈപ്പിടിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. മലാപ്പറമ്പ് ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. 
 നിരനിരയായി വാഹനങ്ങൾ നിറഞ്ഞ് ഒഴുകവേ, ഒരു നാഷണൽ പെർമിറ്റ് ലോറിയാണ് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിൽ സഞ്ചരിച്ച സ്ത്രീകളെ തട്ടിത്തെറിപ്പിച്ചത്. ലോറിക്കും സ്‌കൂട്ടറിനും മുന്നിലും പിന്നിലും നിരനിരയായി മറ്റു വാഹനങ്ങളുമുണ്ട്. സ്ത്രീകൾ ലോറിയുടെ അടിയിലേക്ക് തെറിച്ച ഉടനെ ട്രാഫിക് ഉദ്യോഗസ്ഥൻ ചാടിയെത്തി ലോറിയുടെ ടയറിനടിയിൽ പെടുന്നതിൽനിന്നും, പിന്നിലുള്ള വാഹനങ്ങൾ കയറുന്നതിൽനിന്നും സമർത്ഥമായി രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷ് എന്ന ഉദ്യോഗസ്ഥനാണ് തന്റെ അവസരോചിതമായ ഇടപെടലിലൂടെ യാത്രികരുടെ അത്ഭുത രക്ഷകനായത്. 
 അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ, ലോറിക്കടിയിൽപ്പെട്ട ഇരുവരെയും ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. സ്‌കൂട്ടറിൽ സഞ്ചരിച്ച സ്ത്രീകൾ ലോറിക്ക് തൊട്ടുമുന്നിൽ വച്ച് താഴെ വീഴുകയും ലോറിയുടെ ടയറുകൾക്ക് സമീപത്തേക്ക് പതിക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു നിമിഷം പോലും പാഴാക്കാതെ ചുറ്റുമുള്ള വാഹനങ്ങൾ നിയന്ത്രിക്കുകയും രണ്ടുപേരേയും ലോറിക്കടിയിൽ പെടാതെ വലിച്ച് മാറ്റുകയുമായിരുന്നു. കോഴിക്കോട് മാലാപ്പറമ്പ് ട്രാഫിക് ജംഗ്ഷനിൽ ഇന്നലെയാണ് സംഭവം.

Latest News