Sorry, you need to enable JavaScript to visit this website.

ഒഴിഞ്ഞ ഗ്യാലറികളെങ്കിലും ആവേശം ചോരാതെ റിയാദിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ

റിയാദ്- ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ഒന്നാം നമ്പർ ഫുട്‌ബോൾ ടൂർണമെന്റിന് സൗദി സാക്ഷ്യം വഹിക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ. കാണികള്‍ ഇല്ലെങ്കിലും കളിക്കാരുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ബുധനാഴ്ച നടന്ന രണ്ടു മത്സരങ്ങൾക്കും ഗ്യാലറികളിൽ കാര്യമായ കാണികൾ ഉണ്ടായിരുന്നില്ല. പ്രവൃത്തി ദിവസമായതാണ് കാണികൾ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പഞ്ചാബും മേഘാലയയും തമ്മിലെ ആദ്യ കളി വെകിട്ട് മൂന്നു മണിക്കായിരുന്നു. ഇതും കാണികൾ കുറയാൻ കാരണമായി. കർണാടക-സർവീസസ് മത്സരം വൈകിട്ട് ആറരക്കായിരുന്നു. ഈ മത്സരത്തിനാണ് കുറച്ചെങ്കിലും കാണികൾ എത്തിയത്. എത്തിയവരിൽ ഭൂരിഭാഗവും മലയാളി താരങ്ങളായിരുന്നു. സൗദി സ്വദേശികളായി ഏതാനും പേരും മത്സരം കാണാനെത്തിയിരുന്നു. ഇന്ത്യയുടെയും സൗദിയുടെയും പതാക വീശി കാണികൾ കളിക്കാരെ ആവേശം കൊള്ളിച്ചു. 
കേരളം മത്സരത്തിൽനിന്ന് പുറത്തായതാണ് കാണികളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണം. സൗദിയിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചതുതന്നെ നിലവിലുള്ള ജേതാക്കളായ കേരളം അവസാന നാലിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, അവസാനമത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളം പുറത്തായി. ഇതോടെ സംഘാടകരുടെ അടക്കം പ്രതീക്ഷകൾ അസ്ഥാനത്തായി. ആദ്യ ദിവസത്തെ മത്സരത്തിന് റിയാദിൽ റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (റിഫ) സൗജന്യമായി ടിക്കറ്റ് വിതരണം ഏർപ്പെടുത്തിയിരുന്നു. മുവായിരത്തോളം ടിക്കറ്റുകളാണ് റിഫക്ക് നൽകിയിരുന്നത്.  വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ മത്സരത്തിന് കൂടുതൽ കാണികൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സന്തോഷ് ട്രോഫി:മേഘാലയ-കര്‍ണാടക ഫൈനല്‍

ആദ്യമായി വിദേശ മണ്ണില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ മേഘാലയ ചരിത്രമെഴുതി. എട്ടു തവണ ചാമ്പ്യന്മാരും എട്ടു തവണ റണ്ണേഴ്‌സ്അപ്പുമായ പഞ്ചാബിനെ ഇഞ്ചുറി ടൈം ഗോളില്‍ അവര്‍ സെമി ഫൈനലില്‍ മുട്ടുകുത്തിച്ചു (2-1). റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയമാണ് ആദ്യമായി വിദേശ മണ്ണില്‍ സന്തോഷ് ട്രോഫിക്ക് മണ്ണൊരുക്കിയത്. സര്‍വീസസിനെ 3-1 ന് തോല്‍പിച്ച കര്‍ണാടകയുമായാണ് മേഘാലയ ശനിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുക. ഇരു ടീമുകളും ഇതുവരെ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയിട്ടില്ല. കര്‍ണാടക നാലു തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും നാലും മൈസൂര്‍ എന്ന പേരിലായിരന്നു. 
പഞ്ചാബും സര്‍വീസസും ആദ്യം ഗോളടിച്ച ശേഷമാണ് തോറ്റത്. വടക്കുകിഴക്കന്‍ ഫുട്‌ബോളില്‍ എന്നും മണിപ്പൂരിന്റെയും മിസോറമിന്റെയും നിഴലിലായിരുന്ന മേഘാലയ ഇതാദ്യമായാണ് സെമി ഫൈനലില്‍ പോലുമെത്തുന്നത്. 
രണ്ടാം സെമിയില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് തുടരെ മൂന്നു ഗോള്‍ വീണത്. നാല്‍പതാം മിനിറ്റില്‍ ബികാഷ് ഥാപ്പയിലൂടെ സര്‍വീസസ് ലീഡ് നേടിയെങ്കിലും രണ്ടു മിനിറ്റിനകം റോബിന്‍ യാദവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പി. അങ്കിതും കര്‍ണാടകക്കു വേണ്ടി തിരിച്ചടിച്ചു. എഴുപത്തേഴാം മിനിറ്റില്‍ എം. സുനില്‍കുമാറും കര്‍ണാടകയുടെ വിജയമുറപ്പിച്ചു.  


ആദ്യ സെമിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഷീന്‍ ഷോഖ്തുംഗാണ് പഞ്ചാബിന്റെ നെഞ്ചകം പിളര്‍ന്ന ഗോളടിച്ചത്. ബോക്‌സിന് പുറത്ത് ഡൊണാള്‍ഡ് ദിയേംഗ്‌ദോയില്‍ നിന്ന് പാസ് സ്വീകരിച്ച ശേഷം രണ്ട് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ഷീന്‍ പായിച്ച ഷോട്ട് ഡൈവ് ചെയ്ത ഗോളി ശംഷേര്‍ സിംഗിന് ഒരവസരവും നല്‍കിയില്ല. 
സൗദി ഒരുക്കിയ ഒന്നാന്തരം സൗകര്യങ്ങള്‍ മികച്ച കളി പുറത്തെടുക്കാന്‍ ഇരു ടീമുകളെയും സഹായിച്ചു. മേഘാലയ കുറിയ പാസുകളുമായി കത്തിക്കയറിയപ്പോള്‍ പഞ്ചാബ് തടിമിടുക്ക് മുതലാക്കി പ്രത്യാക്രമണങ്ങള്‍ നടത്തി. പതിനാറാം മിനിറ്റില്‍ പരംജിത് സിംഗിലൂടെ പഞ്ചാബ് മുന്നിലെത്തി. ഗോളി രജത് പോള്‍ ലിംഗ്‌ദോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഭൂപീന്ദര്‍ സിംഗിന്റെ കോര്‍ണര്‍ ഗോളി കുത്തിത്തെറിപ്പിച്ചത് നേരെ പരംജിത്തിന്റെ കാലുകളിലേക്കായിരുന്നു. അതുവരെ മേധാവിത്തം പുലര്‍ത്തിയ മേഘാലയ അതോടെ തളര്‍ന്നതായി തോന്നി. 
മുപ്പത്തേഴാം മിനിറ്റില്‍ സെറ്റ് പീസാണ് അവര്‍ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയത്. അലന്‍ ലിംഗ്‌ദോയുടെ അളന്നു തൂക്കിയ ഫ്രീകിക്കില്‍ നിന്ന് ഫിഗൊ സിന്‍ഡായ് ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങള്‍ ഒരുക്കിയെടുത്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഷീന്‍ സ്റ്റീവന്‍സന്‍ ഷോഖ്തുംഗാണ് മേഘാലയയുടെ വിജയ ഗോളടിച്ചത്. 
കേരളവും ബംഗാളും ഗോവയുമുള്‍പ്പെടെ മുന്‍നിര ടീമുകള്‍ സെമിയിലെത്താത്ത സാഹചര്യത്തില്‍ പഞ്ചാബിനാണ് കിരീടസാധ്യത കല്‍പിക്കപ്പെട്ടത്. കേരളം ഇല്ലാത്തതിനാല്‍ കാണികള്‍ കാര്യമായി കളി വീക്ഷിക്കാനുണ്ടായില്ല. 
പഞ്ചാബ് അവസാനം കിരീടം നേടിയത് 2007-08 ലാണ്. മുന്‍ ചാമ്പ്യന്മാരായ മണിപ്പൂര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നാല് ജയങ്ങളും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്. എന്നാല്‍ മണിപ്പൂരിനെയും ബംഗാളിനെയുമൊക്കെ തോല്‍പിച്ചാണ് മേഘാലയ ഇത്രയുമെത്തിയത്. 
ആറു തവണ ചാമ്പ്യന്മാരായ സര്‍വീസസും നാലു തവണ കിരീടം നേടിയ കര്‍ണാടകയും തമ്മിലായിരുന്നു രണ്ടാം സെമി. 2018-19 ലാണ് സര്‍വീസസ് അവസാനം ചാമ്പ്യന്മാരായത്. എന്നാല്‍ മൈസൂര്‍ എന്നറിയപ്പെട്ട കാലത്ത് കര്‍ണാടക നാലു തവണയും സന്തോഷ് ട്രോഫി ഉയര്‍ത്തിയത്. അവസാന കിരീടം 53 വര്‍ഷം മുമ്പായിരുന്നു. 

Latest News