ജിസാൻ - പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയിൽ രോഗികൾക്കു മുന്നിൽ നാടോടി നൃത്ത സംഘം നൃത്തം അവതരിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജിസാൻ ആരോഗ്യ വകുപ്പ് അടിയന്തിര കമ്മിറ്റി രൂപീകരിച്ചു. ആശുപത്രിയിൽ രോഗികൾക്കു മുന്നിൽ നാടോടി നൃത്ത സംഘം ഡാൻസ് അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
— E_M_S_S (@EmanSal11848242) March 1, 2023ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് ജിസാൻ ആരോഗ്യ വകുപ്പിന് സമർപ്പിക്കാനും ജിസാൻ ആരോഗ്യ വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽഹർബി നിർദേശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. രോഗികളുടെ സ്വകാര്യത മാനിക്കാതെ ആശുപത്രിയിലേക്ക് നൃത്ത സംഘത്തെ വിളിച്ചുവരുത്തി രോഗികൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കിയ ആശുപത്രിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ജിസാൻ ആരോഗ്യ വകുപ്പ് പറഞ്ഞു. വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് സെന്ററിലാണ് നിയമ ലംഘനം നടന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.