റിയാദ് - ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്ക് ആയി മൂല്യവർധിത നികുതി കൂടാതെ 7,500 റിയാൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ചു. ബുറുണ്ടിയിൽനിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് അനുമതിയുണ്ടായിരുന്നെങ്കിലും ഉപയോക്താക്കളിൽനിന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് മന്ത്രാലയം നിർണയിച്ചിരുന്നില്ല. മറ്റേതാനും രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്കുകൾ മന്ത്രാലയം നേരത്തെ നിർണയിച്ചിരുന്നു. ബുറുണ്ടിയിൽനിന്നുള്ള റിക്രൂട്ട്‌മെന്റും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണ് മന്ത്രാലയം ഇപ്പോൾ ചെയ്തത്.
ഉഗാണ്ട, തായ്‌ലന്റ്, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്കുകൾ കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയം നിർണയിച്ചിരുന്നു. ഉഗാണ്ട തൊഴിലാളികൾക്ക് 9,500 റിയാലും തായ്‌ലന്റ് തൊഴിലാളികൾക്ക് 10,000 റിയാലും കെനിയൻ തൊഴിലാളികൾക്ക് 10,870 റിയാലും ബംഗ്ലാദേശുകാർക്ക് 13,000 റിയാലും ഫിലിപ്പൈൻസ് തൊഴിലാളികൾക്ക് 17,288 റിയാലും ശ്രീലങ്കൻ വേലക്കാർക്ക് 15,000 റിയാലുമാണ് പരമാവധി റിക്രൂട്ട്‌മെന്റ് നിരക്കുകളായി മന്ത്രാലയം നിർണയിച്ചിരിക്കുന്നത്. മൂല്യവർധിത നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ഈ നിരക്കുകൾ കർശനമായി പാലിക്കണം. പരമാവധി നിരക്കിലും കൂടിയ നിരക്ക് ഈടാക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.