അബുദാബി- യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍നെയാദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ സമയം പുതുക്കി നിശ്ചയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ക്രൂ6 ദൗത്യം മാര്‍ച്ച് 2 വ്യാഴാഴ്ച പുലര്‍ച്ചെ 12.34 ന് (യുഎഇ സമയം 9.34) ആയിരിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 കുതിച്ചുയരുക.
ഫെബ്രുവരി 28ന് നടന്ന വിക്ഷേപണ തയാറെടുപ്പ് അവലോകനം, കാലാവസ്ഥാ വിശദീകരണം, മിഷന്‍ മാനേജ്‌മെന്റ് മീറ്റിംഗ് എന്നിവക്ക് ശേഷമാണ് പ്രഖ്യാപനം.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഫെബ്രുവരി 27ലെ വിക്ഷേപണ ശ്രമത്തില്‍നിന്ന് മിഷന്‍ ടീം പിന്മാറിയിരുന്നു. കേപ് കനാവറല്‍ ബഹിരാകാശ സേനാ നിലയത്തിലെ കാലാവസ്ഥാ സേനയിലെ ഉദ്യോഗസ്ഥര്‍ ക്രൂ6 വിക്ഷേപണത്തിന് അനുകൂലമായ കാലാവസ്ഥയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച തീരുമാനിച്ചത്.