അബുദാബി- യു.എ.ഇ താമസ വിസ നിയമങ്ങള്‍ പുതുക്കി. താമസ വിസയില്‍ അഞ്ച് ബന്ധുക്കളെ കൊണ്ടുവരാന്‍ യു.എ.ഇ പ്രവാസികള്‍ക്ക് മിനിമം 10000 ദിര്‍ഹം ശമ്പളമുണ്ടായിരിക്കണം. ശരിയായ താമസ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഇതുസംബന്ധിച്ച ഉത്തരവ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ് ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ഷംസിയാണ് പുറപ്പെടുവിച്ചത്.
ആറ് ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാനാണെങ്കില്‍ 15000 ദിര്‍ഹം ശമ്പളം വേണം. ഇക്കാര്യത്തില്‍ വിസ അപേക്ഷ ഡയറക്ടര്‍ ജനറല്‍ വിലയിരുത്തും.
യു.എ.ഇയില്‍ പ്രാബല്യത്തിലുള്ള 15 തരം വിസകള്‍ക്കും ബാധകമായ ചട്ടങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് അറുപത്തഞ്ചാം നമ്പര്‍ മന്ത്രിസഭാ പ്രമേയത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍. ടൂറിസ്റ്റ് വിസ, ഗോള്‍ഡന്‍, ഗ്രീന്‍ താമസ വിസകള്‍, ട്രക്ക് ഡ്രൈവര്‍മാരുടെയും ക്രൂസ് കപ്പലിലെ ജീവനക്കാരുടേയും എന്‍ട്രി പെര്‍മിറ്റ്, സന്ദര്‍ശക വിസ എന്നിവക്കെല്ലാം ഇത് ബാധകമാണ്.