റിയാദ് - ഈ മാസവും അടുത്ത മാസവുമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏതാനും തൊഴിൽ മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കും. എയർ സ്റ്റ്യുവാർഡ്, എയർ ട്രാഫിക് കൺട്രോളർ, എയർനാവിഗേറ്റർ, ഗ്രൗണ്ട് മൂവ്‌മെന്റ് കോർഡിനേറ്റർ, അസിസ്റ്റന്റ് പൈലറ്റ്, ഫിക്‌സഡ് വിംഗ് പൈലറ്റ്എന്നീ തൊഴിൽ മേഖലകളിൽ ശഅ്ബാൻ 23(മാർച്ച് 15) മുതൽ ആദ്യ ഘട്ട സൗദിവൽക്കരണം നടപ്പാക്കി തുടങ്ങും. ഒപ്‌റ്റോമെട്രിസ്റ്റ് തൊഴിൽ മേഖലയിലും അന്നു മുതൽ സൗദിവൽക്കരണം നിർബന്ധമാക്കും. സൗദിവൽക്കരണം നടപ്പാക്കാനുള്ള പദ്ധതികൾ തയാറാക്കാൻ ഈ മേഖലകൾക്ക് മന്ത്രാലയം നേരത്തെ സാവകാശം നൽകിയിരുന്നു.
തപാൽ, കൊറിയർ മേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒമാർ, സീനിയർ മാനേജ്‌മെന്റ് തസ്തികകളിലെ ഫസ്റ്റ് ലെവൽ ഉദ്യോഗസ്ഥർ എന്നീ തസ്തികകളിൽ റമദാൻ പത്തു മുതൽ സൗദിവൽക്കരണം നിർബന്ധമാക്കും. ഇവക്കു പുറമെ മെഡിക്കൽ ഉപകരണ മേഖലയിൽ എൻജിനീയർമാർ, ടെക്‌നീഷ്യന്മാർ, സെയിൽസ്മാന്മാർ, മെഡിക്കൽ ഉപകരണങ്ങളെ കുറിച്ച പരസ്യ, പരിചയപ്പെടുത്തൽ മേഖലാ ജോലികൾ എന്നിവയുടെ രണ്ടാം ഘട്ട സൗദിവൽക്കരണവും റമദാൻ പത്തു മുതൽ നടപ്പാക്കി തുടങ്ങും.
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്താനും ആകർഷകമായ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മേഖലകളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം നിർബന്ധമാക്കുന്നത്. മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സാമ്പത്തിക സഹായത്തോടെ സമീപ കാലത്ത് സ്വകാര്യ മേഖലയിൽ രണ്ടു ലക്ഷത്തിലേറെ പേർക്ക് തൊഴിലുകൾ ലഭിച്ചതായി ഫണ്ട് അറിയിച്ചിരുന്നു. ധനസഹായ പദ്ധതി 81,000 പുരുഷ ജീവനക്കാർക്കും 1,20,000 വനിതാ ജീവനക്കാർക്കും പ്രയോജനപ്പെട്ടു. സ്വകാര്യ മേഖലയിൽ പുതുതായി ജോലി ലഭിക്കുന്ന സ്വദേശികളുടെ വേതനത്തിന്റെ നിശ്ചിത ശതമാനം നിർണിത കാലത്തേക്ക് വഹിക്കുന്ന പദ്ധതി, ജോലിയിൽ നിയമിച്ച് സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി, ഓൺലൈൻ പരിശീലനം, സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കുള്ള ധനസഹായം, ജോലി സമയത്ത് ഇളം പ്രായത്തിലുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രങ്ങളിലാക്കാനുള്ള ധനസഹായം, ഓൺലൈൻ ടാക്‌സികളിൽ ജോലി ചെയ്യുന്നവർക്കുള്ള ധനസഹായം, ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള ധനസഹയം എന്നിവ അടക്കം നിരവധി പദ്ധതികൾ മാനവശേഷി വികസന നിധി നടപ്പാക്കുന്നുണ്ട്.