Sorry, you need to enable JavaScript to visit this website.

സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ ബി.ജെ.പി നേതൃത്വം വഴിമുട്ടി

കോഴിക്കോട് - ബി.ജെ.പിയിൽ കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റെങ്കിൽ എം.ടി രമേശ് ദേശീയ സെക്രട്ടറി. രമേശ് പ്രസിഡന്റെങ്കിൽ സുരേന്ദ്രൻ അഖിലേന്ത്യാ തലത്തിൽ. സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ വഴിമുട്ടിയ ബി.ജെ.പിയിൽ ഗ്രൂപ്പുകളെ സമാധാനിപ്പിക്കാൻ  പാക്കേജ് തേടുകയാണ് ദേശീയ നേതൃത്വം.
ശ്രീധരൻ പിള്ള, സി.കെ. പത്മനാഭൻ, കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവർ പ്രസിഡന്റായപ്പോഴൊക്കെ ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇത് ഒതുക്കാൻ ആർ.എസ്.എസ് കണ്ടുവെച്ചതായിരുന്നു കുമ്മനം രാജശേഖരനെ.
ബി.ജെ.പിയിൽ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന കുമ്മനത്തെ പ്രസിഡന്റാക്കിയപ്പോഴും ചേരിപ്പോരിന് അറുതിയുണ്ടായിട്ടില്ല. രണ്ട് ചേരിയും പ്രസിഡന്റിന് പൊല്ലാപ്പായി. കേരള ആർ.എസ്.എസിന്റെ നിർബന്ധപ്രകാരമായിരുന്നുവെങ്കിലും പാർട്ടിയിൽ പ്രവർത്തിക്കാത്ത ഒരാളെ അടിച്ചേൽപിച്ചതിൽ സംഘടനാ രംഗത്തുള്ളവർക്ക് അതൃപ്തി കലശലായിരുന്നു. അതുകൊണ്ട് തന്നെയാണ് ആർ.എസ്.എസിനെ അറിയിക്കാതെ കുമ്മനത്തെ മാറ്റിയത്. ദേശീയ തലത്തിൽ തന്നെ ബി.ജെ.പിയിൽ സംഘടനാ തെരഞ്ഞെടുപ്പോ ജനാധിപത്യ പ്രക്രിയയോ ഇല്ല. അമിത് ഷായുടെ ഏകാധിപത്യ ഭരണമാണ്. പല സംസ്ഥാനങ്ങളിലെയും പ്രസിഡന്റുമാരെ ഒറ്റയടിക്ക് മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. കേരളത്തിലെ പ്രസിഡന്റിന്റെ കാര്യത്തിൽ വലിയ ആവേശം ദേശീയ പ്രസിഡന്റിന് ഉണ്ടാവണമെന്നില്ല. അമിത് ഷായിൽ സ്വാധീനമുള്ളയാളാണ് വി. മുരളീധരൻ. ആ നിലയിൽ കെ. സുരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിക്കാൻ തുനിഞ്ഞതുമാണ്. മറുപക്ഷം ഇടപെട്ട് തടയുകയായിരുന്നു.
ആർ.എസ്.എസിനെ ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന മലയാളികളായ നേതാക്കളിൽ ചിലരുടെ പേര് ഉയർത്തുന്നുണ്ടെങ്കിലും കെട്ടിയേൽപിക്കൽ കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിൽ ഈയിടെ നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് കുറഞ്ഞുവെന്നത് പാർട്ടിക്ക് നല്ല ക്ഷീണം ഉണ്ടാക്കുന്നു. അടുത്തത് കേരളം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കേയാണ് ചെങ്ങന്നൂരിൽ 2016 ൽ കിട്ടിയ വോട്ടിൽ നിന്ന് എട്ടായിരത്തോളം കുറഞ്ഞത്. അതും പ്രമുഖനായ പി.എസ് ശ്രീധരൻ പിള്ള തന്നെ സ്ഥാനാർഥിയായിയിട്ട്. അതേ വ്യക്തി തന്നെ സ്ഥാനാർഥിയായിട്ടും വോട്ട് കുറഞ്ഞത് സംഘടനാപരമായ ചോർച്ചയായാണ് വിലയിരുത്തപ്പെടുക.
തീപ്പൊരി പ്രസംഗകൻ എന്ന പേരാണ് കെ.സുരേന്ദ്രനുള്ളതെങ്കിൽ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ഇത് പോരായെന്ന് വിലയിരുത്തുന്നുണ്ട്. എസ്.എൻ.ഡി.പിയടക്കം സഖ്യകക്ഷികളെ യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയേണ്ടതുണ്ട്. ഇക്കാര്യത്തിലെ പരാജയം ചെങ്ങന്നൂരിൽ പ്രതിഫലിച്ചിട്ടുണ്ട്.

 

Latest News